‘കനത്ത മഴ’ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കാല മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. ഡെങ്കിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ നവ്ജ്യോത് ഖോസ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് കളക്ടര്‍ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്.
മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് ദുരന്തനിവാരണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും മഴക്കാല പൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കുകയും വേണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. മഴക്കാലത്തിന് മുമ്പ് തന്നെ ദുരന്തനിവാരണത്തിന് അത്യാവശ്യം വേണ്ട ഉപകരണങ്ങളും വസ്തുക്കളും പഞ്ചായത്തുകള്‍ ഒരുക്കിയിരിക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ്, അഗ്‌നിരക്ഷാസേന, റവന്യൂ ഉദ്യോഗസ്ഥരെ കൂടാതെ പരിശീലനം സിദ്ധിച്ച സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനവും ഉറപ്പുവരുത്തണം. ബ്ലോക്ക് തലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ദുരന്ത സാധ്യത നിലനില്‍ക്കുന്ന പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് തലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഫോഗിംഗ് യന്ത്രങ്ങളും സ്പ്രേയിംഗ് യന്ത്രങ്ങളുമുണ്ടെന്ന് ഉറപ്പു വരുത്തണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള മുനിസിപ്പാലിറ്റികളില്‍ മണ്ണുമാന്തിയന്ത്രങ്ങളുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.
വെള്ളപ്പൊക്ക ഭീഷണിയുള്ള തദ്ദേശസ്ഥാപനങ്ങള്‍ പമ്പ് സെറ്റ് സ്വന്തമായി വാങ്ങുകയോ വാടകക്ക് എടുക്കുകയോ വേണം. വാര്‍ഡ് തലത്തില്‍ ആരോഗ്യ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് മഴക്കാല പൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കണം. പൊതുജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുകയും അപകടകരമായ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: district administration prepares for heavy rains
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here