ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു; ടൂറിസ്റ്റ് സംഘമെത്തിയത് തോട്ടിൽ ! അപകടമൊഴിവായത് തലനാരിഴയ്ക്ക്

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചെത്തിയത് നേരെ തോട്ടിലേക്ക്. സമയോചിതമായി നാട്ടുകാർ ഇടപെട്ടതിനാൽ ഒഴിവായത് വൻ അപകടം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കോട്ടയം കുറുപ്പന്തറ കടവിലാണ് സംഭവം നടന്നത്.
കർണാടക സ്വദേശികളായ കുടുംബമാണ് ഇന്നലെ അപകടത്തിൽപെട്ടത്. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം. യാത്ര ആരംഭിച്ചതു മുതൽ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കുറുപ്പന്തറ കടവ് ഭാഗത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഗൂഗിൾ മാപ്പ് വഴി ഫോണിലൂടെ ലഭിച്ച നിർദേശം. ഇതോടെ ഇവിടുത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവർ ഫോർച്യൂണർ കാർ മുന്നോട്ട് ഓടിച്ചു. നോക്കി നിൽക്കുകയായിരുന്ന നാട്ടുകാർ വിളിച്ചു കൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് ചാടിയിരുന്നു.
മഴ ശക്തമായതിനാൽ തോട്ടിൽ നല്ല വെള്ളമുള്ള സമയമായിരുന്നു. ഓടികൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപെടുത്തി. തുടർന്ന് കാർ തള്ളി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടി വലിച്ചാണ് കാർ തോട്ടിൽ നിന്നും കരയ്‌ക്കെത്തിച്ചത്. മറ്റു തകരാറൊന്നുമില്ലാതിരുന്നതിനാൽ ഇവർ ഇതേ കാറിൽ തന്നെ യാത്ര തുടരുകയായിരുന്നു. ഈ ഭാഗത്ത് മുമ്പും സമാന രീതിയിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. അപകടങ്ങൾ ഇവിടെ സ്ഥിരമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ താൽകാലികമായി ചങ്ങലയിട്ട് വഴി അടച്ചിരിക്കുകയാണ്.
Story Highlights: google map showed wrong way
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here