നയപരമായ തീരുമാനം എടുക്കുമ്പോൾ അനുമതി വാങ്ങണം; ബെന്നിച്ചന്‍ തോമസിന് ശാസന

മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് എതിരായ നടപടി ശാസനയില്‍ ഒതുങ്ങി. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഉത്തരവിറക്കാവൂ എന്നും നിര്‍ദേശം. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ശാസന നൽകി വിഷയം അവസാനിപ്പിക്കാനുള്ള തീരുമാനം. 2021 ഡിസംബർ ഒമ്പതിന് ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചിരുന്നു.
വെള്ളിയാഴ്ച പുതിയ വനം മേധാവിയെ തെരഞ്ഞെടുക്കാനിരിക്കെയാണ് അന്വേഷണം അവസാനിപ്പിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയിരിക്കെ മുല്ലപ്പെരിയാർ ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുവാദം നൽകിയത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് കാണിച്ച് അദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് റിവ്യു കമ്മിറ്റി ശിപാർശ പ്രകാരം സസ്പെൻഷൻ പിൻവലിച്ചിരുന്നു.
മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നായിരുന്നു ശിപാർശ. ഇതനുസരിച്ചായിരുന്നു സസ്പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിൽ ഇനി തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദേശമുണ്ടായിരുന്നു. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്.
Story Highlights: mullaperiyar tree case investigation report in favor of bennichan thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here