കെ സുധാകരനെതിരെ കേസ്; നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമായ പ്രസ്താവനയാണ് കെ.പി.സി.സി പ്രസിഡന്റ് നടത്തിയത്. പിന്നീട് അദ്ദേഹം അത് പിൻവലിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അവസാനിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നടത്തിയ പദപ്രയോഗങ്ങൾ പൊതു സമൂഹം മറന്നിട്ടില്ല. ആരെ പേടിപ്പിക്കാനാണ് കേസ് എടുത്തത് എന്ന് മനസിലാക്കുന്നില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്രത്തോളം അപഹാസ്യനാകരുത്. തൃക്കാക്കര തെരെഞ്ഞെടുപ്പിൽ സിംബതിനേടാനാണ് ഇതെങ്കിൽ, ഇതുകൊണ്ട് ഉമാ തോമസിൻ്റെ ഭൂരിപക്ഷം വർധിക്കുകയേയുള്ളുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കെ.സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി സെക്‌ഷന്‍ 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിണറായി വിജയൻ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയിൽ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമർശം. ഇതിനെതിരെ സിപിഐഎം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ, മലബാറിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്നും പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരൻ അറിയിച്ചിരുന്നു.
Story Highlights: ramesh chennithala response on case against k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here