മഴ കനിഞ്ഞാൽ നാളെ തൃശൂർ പൂരം വെടിക്കെട്ട്

മഴയ്ക്ക് ശമനമുണ്ടായാൽ വെള്ളിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് തൃശൂർ പൂരം വെടിക്കെട്ട് നടത്തും. ഈ മാസം 11–ാം തീയതി പുലര്‍ച്ചെ മൂന്നു മണിക്കു നടക്കേണ്ടിയിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് മഴയെ തുടർന്നാണ് പലതവണ മാറ്റിയത്. സാംപിള്‍ വെടിക്കെട്ടും ഉച്ചപ്പൂരം വെടിക്കെട്ടും മാത്രമാണ് ഇതുവരെ നടത്താനായത്.
കനത്ത മഴയില്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനം നനഞ്ഞു കുതിര്‍ന്നതിനാലാണ് വെടിക്കെട്ട് വൈകിക്കുന്നത്. ഒന്നോ രണ്ടോ ദിവസം വെയിലുദിച്ച് മണ്ണുണങ്ങാതെ വെടിക്കെട്ടു സാമഗ്രികള്‍ നിരത്താന്‍ കഴിയില്ല. വെടിക്കെട്ട് സാമഗ്രികള്‍ എല്ലാം സുരക്ഷിതമായി പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മഴ കനക്കുംതോറും പൊലീസിനും ജില്ലാഭരണകൂടത്തിനും പണികൂടും. സൂക്ഷിച്ചിരിക്കുന്നത് അത്യുഗ്രശേഷിയുള്ള വെടിക്കോപ്പുകളാണ്. അധികനാള്‍ സൂക്ഷിച്ചുവെക്കാനാകാത്ത രീതിയില്‍ നിര്‍മ്മിച്ചവയാണിവ. അധികം ചൂടും തണുപ്പും ഏല്‍ക്കാന്‍ പാടില്ലാത്തതാണ് മിക്കതും. വെടിക്കോപ്പുപുരയില്‍ കുറേനാള്‍ ഇവ അടുക്കിവെക്കാൻ പാടില്ലെന്ന് പെസോ അധികൃതര്‍ വ്യക്തമാക്കുന്നു.
കാലവര്‍ഷം കനത്തുനില്‍ക്കുന്നതും മണ്ണിലേക്ക് തണുപ്പിറങ്ങുന്നതും വെടിക്കോപ്പുകൾക്ക് അനുയോജ്യമല്ല. നിര്‍വീര്യമാക്കാന്‍ പറ്റാത്ത രീതിയിലാണ് മിക്ക വെടിക്കോപ്പുകളുടെയും നിര്‍മ്മാണമെന്നതിനാല്‍ പൊട്ടിച്ചുതന്നെ തീര്‍ക്കണം. മഴ മാറി കാലാവസ്ഥ അനുകൂലമാവണേയെന്നാണ് അധികൃതരുടെയും പ്രാർത്ഥന.
പൂരം വെടിക്കെട്ടിനായി വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് പുരകളും പൂര്‍ണസുരക്ഷിതമാണെന്നാണ് അധികൃതർ പറയുന്നത്. ഉള്ളില്‍ 600 ചതുരശ്ര അടിയോളം സൗകര്യമുള്ള പുരകളുടെ ഭിത്തികള്‍ ഒരു മീറ്റര്‍ വ്യാസത്തില്‍ പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ചതാണ്. പെസോയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ഇതിന്റെ നിര്‍മ്മാണം.
Story Highlights: Thrissur pooram fireworks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here