ശമ്പളം നല്‍കേണ്ടത് മാനേജ്മെന്റെന്ന പ്രസ്താവന: മന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിഐടിയു

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന വലിയ പ്രതിഷേധമുണ്ടാക്കിയെന്ന് സിഐടിയു വിലയിരുത്തി. 20-ാം തിയതിയായിട്ടും ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ആനത്തലവട്ടം ആനന്ദന് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ബദല്‍നയം ജൂണ്‍ ആറിന് സര്‍ക്കാരിന് നല്‍കുമെന്നും സിഐടിയു വ്യക്തമാക്കി. (citu against antony raju)
സംസ്ഥാനത്തെ സംബന്ധിച്ച് പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന നിലപാടാണ് സിഐടിയു മുന്നോട്ടുവെക്കുന്നത്. അതില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സേവ് കെഎസ്ആര്‍ടിസി എന്നത് തന്നെയാകും അസോസിയേഷന്റെ പ്രധാന മുദ്രാവാക്യം. വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് ശേഷമാണ് മന്ത്രിക്കെതിരെ സംഘടന വിമര്‍ശനമുയന്നയിക്കുന്നത്. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
Read Also: 78.9 ശതമാനം വീടുകളിലും സൈക്കിളുകൾ; ഇന്ത്യയുടെ സൈക്കിൾ നഗരമായി പശ്ചിമ ബംഗാൾ…
ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്തേക്കുമെന്നാണ് വിവരം. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കും പ്രതീക്ഷയേറുന്നത്.
ധനമന്ത്രിയും ഗതാഗത മന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാവുന്നത്. അധിക ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ നാളെ ലഭിക്കുമെന്നാണ് മാനേജ്മെന്റ് കണക്കുകൂട്ടുന്നത്. ഇതിന് പുറമെ 50 കോടി രൂപ ബാങ്കില്‍ നിന്ന് ഓവര്‍ട്രാഫ്റ്റ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിലുള്ള ധനമന്ത്രി നാളെ 11 മണിയോടെ കേരളത്തില്‍ എത്തും. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് ഇന്നലെ തന്നെ കത്ത് നല്‍കിയിരുന്നു. അഡീഷണല്‍ തുക അനുവദിക്കുന്നത് കടമാണോ ധനസഹായമാണോ വേണ്ടതെന്ന് ധനവകുപ്പ് തീരുമാനിക്കും. പണം ലഭിച്ചാല്‍ വൈകിട്ടോടെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളം നല്കാന് കഴിയുമെന്നാണ് പ്രതീക്ഷ.
Story Highlights: citu against antony raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here