Advertisement

‘ശമ്പളം നല്‍കിയിട്ടും പട്ടിണി സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനായി മാത്രം’; ബിഎംഎസിനെതിരെ ഗതാഗതമന്ത്രി

May 21, 2022
1 minute Read

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ ശാശ്വത പരിഹാരമുണ്ടാകണമെന്ന് ആവശ്യമുയര്‍ത്തി ബിഎംഎസ് നടത്തുന്ന പട്ടിണി സമരത്തെ തള്ളി ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം വിതരണം ചെയ്തിട്ടും ബിജെപി സംഘടന സമരം നടത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേ കാണാന്‍ കഴിയൂ എന്ന് ആന്റണി രാജു ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപി നടത്തുന്നത് രാഷ്ട്രീയ പട്ടണി സമരമാണ്. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി വരുത്തിവച്ചത് യുഡിഎഫ് സര്‍ക്കാരായിരുന്നെന്നും മന്ത്രി വിമര്‍ശിച്ചു.

തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ വസതിയിലേക്കുള്‍പ്പെടെ ബിഎംഎസ് പട്ടിണി മാര്‍ച്ച് നടത്തിയിരുന്നു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്കും മാര്‍ച്ച് നടന്നു.

എന്നാല്‍ കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെ ശമ്പളം ലഭിച്ചു. മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും. സര്‍ക്കാര്‍ അധികമായി 20 കോടി രൂപ അനുവദിച്ചതോടെ ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുകയായിരുന്നു.

അതേസമയം കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന്് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെയും വ്യക്തമാക്കിയിരുന്നു. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്പളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സിഐടിയു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ധനമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന നിലപാടാണ് സിഐടിയു മുന്നോട്ടുവെക്കുന്നത്.

Story Highlights: antony raju slams bms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top