തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ജനക്ഷേമ സഖ്യം നാളെ നിലപാട് വ്യക്തമാക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന കാര്യത്തിൽ ജനക്ഷേമസഖ്യം നാളെ നിലപാട് വ്യക്തമാക്കും. നാളെ വൈകിട്ട് മൂന്ന് മണിയ്ക്ക് കിറ്റക്സ് ഗാർമെൻ്റ്സ് ഓഫീസിൽ ചേരുന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കെജ്‌രിവാൾ ട്വൻ്റി-ട്വൻ്റിയുമായി ചേർന്ന് ജനക്ഷേമ സഖ്യം എന്ന പേരിൽ മുന്നണി പ്രഖ്യാപിച്ചത്. കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കെജ്‌രിവാൾ പറഞ്ഞു. എഎപി അതിവേഗം വളരുകയാണ്. ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ രൂപികരിച്ചു. പാർട്ടി സത്യത്തിനൊപ്പമാണെന്നും, എല്ലാം ഈശ്വര കൃപയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ഓരോന്നായി നിരത്തുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി. രാജ്യ തലസ്ഥാനത്ത് ഒരു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ അഴിമതി തുടച്ച് നീക്കി. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി. പഞ്ചാബിൽ ജനം ആം ആദ്മിയെ തെരഞ്ഞെടുത്തു. രണ്ട് സംസ്ഥാനങ്ങളിലും സാധാരണക്കാരൻ വലിയ നേതാക്കളെ പരാജയപ്പെടുത്തി. കേരളത്തിലും മാറ്റം വരേണ്ടതുടെന്നും കെജ്‌രിവാൾ.
ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കി, സർക്കാർ സ്കൂൾ മികവുറ്റതാക്കി. ഇവയെല്ലാം കേരളത്തിനും ലഭിക്കും. ജനങ്ങളുടെ അനുഗ്രഹം ഇക്കഴിഞ്ഞ വർഷങ്ങളിൽ തനിക്ക് ലഭിച്ചു. ഇതല്ലാതെ മറ്റൊന്നും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: thrikkakara election janakshema sakhyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here