Advertisement

മൊഴിയെടുക്കാന്‍ കൊല്ലത്ത് നിന്ന് ഇടുക്കിയിലെത്തണം; വൃദ്ധന് നേരെയുള്ള പൊലീസ് ക്രൂരതയില്‍ ഡിജിപിക്ക് കത്ത് [24 Impact]

May 22, 2022
Google News 2 minutes Read
letter to DGP on police brutality against old man 24 impact

മര്‍ദിച്ചതില്‍ പൊലീസിനെതിരെ പരാതി നല്‍കിയ വൃദ്ധനെ കൊല്ലത്ത് നിന്ന് ഇടുക്കിയിലേക്ക് മൊഴിനല്‍കാന്‍ വിളിച്ച സംഭവത്തില്‍ ഡിജിപിക്ക് കത്ത്. കേസന്വേഷണം കൊല്ലം റൂറല്‍ പരിധിയിലെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായാണ് ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്.

ജോസ് പ്രകാശ് എന്ന പൊതുപ്രവര്‍ത്തകനാണ് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള ട്വന്റിഫോര്‍ വാര്‍ത്താ ലിങ്കും ചേര്‍ത്താണ് പരാതി നല്‍കിയത്. ഒന്നരവര്‍ഷം മുന്‍പാണ് കൊല്ലത്ത് മാസ്‌ക്ക് വെക്കാത്തതിന് വൃദ്ധനെ പൊലീസുകാരന്‍ നടുറോഡില്‍ വെച്ച് മര്‍ദിച്ചത്.

ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ആയിരുന്ന സജീഷ്, ആയുര്‍ മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദന്‍ നായരോട് കാട്ടിയ അതിക്രമമാണ് ഇന്നും തീരാത്ത ക്രൂരതയായി അവശേഷിക്കുന്നത്. വൃദ്ധന്‍ പൊലീസിനെതിരെ പരാതി നല്‍കിയപ്പോള്‍ കേസുമായി പൊലീസും പിന്നാലെയെത്തി. പലകുറി കേസ് പിന്‍വലിക്കാന്‍ രാമാനന്ദന്‍ നായര്‍ക്ക് മേല്‍ പൊലീസിന്റെ സമ്മര്‍ദ്ദമുണ്ടായി.

കേസുമായി മുന്നോട്ടുപോയ രാമാനന്ദന്‍ നായര്‍ക്ക് ഇടുക്കിയിലെ ഡെപ്യൂട്ടി പൊലീസ് കാര്യാലയത്തില്‍ നിന്നും ഒരു നോട്ടിസ് വന്നു. ചടയമംഗലം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഒന്നരവര്‍ഷത്തിന് ശേഷം, രോഗിയായ 70 പിന്നിട്ട രാമാനന്ദന്‍ ഇടുക്കി വരെ എത്തണമെന്നാണ് നോട്ടിസില്‍ പറയുന്നത്. തനിക്ക് അതിനുള്ള സാമ്പത്തിക സഹായമോ ആരോഗ്യമോ ഇല്ലെന്ന് രാമാനന്ദന്‍ നായര്‍ പറയുന്നു.

Read Also: വിതുരയില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഇടുക്കിയിലെത്താന്‍ അഞ്ച് മണിക്കൂറാണ് വേണ്ടത്. അതായത് 183 കിലോമീറ്റര്‍ ദൂരം. സംഭവം നടന്നതും കേസ് കൊടുത്തതും ചടയമംഗലത്തായിരിക്കെ, മൊഴിയെടുക്കാന്‍ ഇടുക്കിയിലെത്താന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് രാമാനന്ദന്‍ നായര്‍ക്ക് ഇതുവരെ മനസിലായിട്ടില്ല.

Story Highlights: letter to DGP on police brutality against old man 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here