സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റ് വിജയം

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റ് വിജയം. 22 പന്തിൽ 49 റൺസടിച്ച് പുറത്താവാതെ നിന്ന ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സ്റ്റണിന്റെ ബാറ്റിങ് മികവാണ് പഞ്ചാബിനെ വിജയതീരത്തെത്തിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് ആറാമതെത്തി. സൺറൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.
സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസെടുത്തപ്പോൾ പഞ്ചാബ് കിങ്‌സ് 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി ലക്ഷ്യം കണ്ടു. പഞ്ചാബ് കിങ്സിന് ഓപ്പണർ ജോണി ബെയർസ്‌റ്റോ മിന്നുന്ന തുടക്കമാണ് നൽകിയത്. ബെയർസ്റ്റോയെ (23) അഫ്‌ഗാൻ താരം ഫസൽഹഖ് ഫറൂഖിയാണ് പുറത്താക്കിയത്. ആറ് ഓവറിൽ ഒരു വിക്കറ്റിന് 62 റൺസാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്.
മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ഷാരൂഖ് ഖാൻ (19) ഉമ്രാൻ മാലിക്കിന്റെ പന്തിൽ പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ മയങ്ക് അഗർവാൾ കൂറ്റനടിക്ക് ശ്രമിച്ച് ഒരു റണ്ണുമായി മടങ്ങി. എന്നാൽ അഞ്ചാമതെത്തിയ ലിയാം ലിവിങ്‌സ്റ്റണും ശിഖർ ധവാനും പതറാതെ ബാറ്റ് ചെയ്‌തു. എന്നാൽ രണ്ടാം സ്പെല്ലിന് വന്ന ഫറൂഖി ധവാനെ (39) പുറത്താക്കി. തുടർന്നെത്തിയ ജിതേഷ് ശർമയും ടൂർണമെന്റിലെ മികച്ച ഫോം തുടർന്നു.
Read Also: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടമില്ല, ഉമ്രാൻ മാലിക് ടീമിൽ
പഞ്ചാബ് കിങ്സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റിനാണ് 157 റൺസെടുത്തത്. 43 റൺസ് നേടിയ ഓപ്പണർ അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. സൺറൈസേഴ്‌സ് ഹൈദരാബാദിന് യുവ ഓപ്പണർ പ്രിയം ഗാർഗിനെ (4) വേഗത്തിൽ നഷ്‌ടമായി. രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയും അഭിഷേക് ശർമയും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ ത്രിപാഠിയും ഓപ്പണർ അഭിഷേക് ശർമയും (43) പുറത്തായി. നിക്കോളാസ് പുരാനും (5) മടങ്ങിയതോടെ ഹൈദരാബാദ് 13 ഓവറിൽ 4 വിക്കറ്റിന് 87 റൺസ് എന്ന നിലയിലായി.
പിന്നീടെത്തിയ വാഷിങ്ങ്ടൻ സുന്ദറും (25) റൊമാരിയോ ഷെപ്പെർഡും ചേർന്നാണ് ആറാം വിക്കറ്റിൽ 58 റൺസ് ചേർത്തത്. നഥാൻ എലീസിന്റെ അവസാനഓവറിൽ 3 വിക്കറ്റുകൾ വീണതോടെ അവരുടെ പോരാട്ടം 157ൽ അവസാനിക്കുകയായിരുന്നു.
Story Highlights: Punjab Kings beat Sunrisers Hyderabad by 5 wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here