‘ജയിച്ചാല്‍ ഫൈനല്‍’, ഗുജറാത്ത് രാജസ്ഥാൻ ആദ്യ ക്വാളിഫയർ നാളെ

ഐപിഎൽ 15ാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ(ചൊവ്വാഴ്ച) അറിയാം. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാനാകും. തോൽക്കുന്ന ടീമിന് ക്വാളിഫയർ 2ൽ ഒരു അവസരം കൂടി ലഭിക്കും. രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.
ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ സീസണാണിത്. 14 മത്സരങ്ങളിൽ 10ലും വിജയിച്ച് ഗുജറാത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ 20 പോയിന്റുമായി പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഹാർദിക്കിന്റെ ടീം സ്വന്തമാക്കി. കഴിഞ്ഞ തവണ ഗുജറാത്ത് രാജസ്ഥാനെ നേരിട്ടപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സാണ് പുറത്തെടുത്തത്. പാണ്ഡ്യ പുറത്താകാതെ 87 റൺസും ഒരു വിക്കറ്റും നേടിയിരുന്നു.
ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷാമി, റാഷിദ് ഖാൻ എന്നിവരടങ്ങിയ അപകടകരമായ ബൗളിംഗ് യൂണിറ്റും വിശ്വസനീയമായ അപ്പർ മിഡിൽ ഓർഡറും ഫൈനൽ മത്സരത്തിൽ രാജസ്ഥാന് ഭീഷണിയായി മാറിയേക്കാം. എന്നാൽ ഓപ്പണറും വിക്കറ്റ് കീപ്പറുമായ വൃധിമാന്‍ സാഹയുടെ പരുക്ക് ക്വാളിഫയര്‍ വണ്ണിനു മുമ്പായി ടൈറ്റന്‍സിനെ ആശങ്കയിലാക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ സാഹ ജിടിക്കായി വിക്കറ്റ് കാക്കാന്‍ ഇറങ്ങിയിരുന്നില്ല.
മറുവശത്ത്, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന 2 മത്സരങ്ങളിലും രാജസ്ഥാൻ റോയൽസ് വിജയിച്ചിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവും, ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഈ ടീമിലുണ്ടെന്നതിൽ നിന്ന് രാജസ്ഥാൻ എത്രത്തോളം അപകടകാരികളാണെന്ന് ഊഹിക്കാം. ടീമിന് ഇൻ-ഫോം ടോപ്പ് ഓർഡറും മികച്ച ബൗളിംഗ് യൂണിറ്റും പവർ ഹിറ്ററുകളും ഉണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ 14 മത്സരങ്ങളിൽ 9ലും ടീം ജയിച്ചപ്പോൾ അഞ്ചിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ടൈറ്റന്‍സും റോയല്‍സും ഈ സീസണില്‍ രണ്ടാം തവണ മുഖാമുഖം വരുന്ന മല്‍സരം കൂടിയാണ് ക്വാളിഫയര്‍ വണ്‍.
Story Highlights: Gujarat Titans vs Rajasthan Royals, IPL 2022 Qualifier 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here