‘സിറ്റി ആയിരുന്നു ഇഷ്ടം, നിങ്ങടെ എച്ചിത്തരം കണ്ട് ഞാൻ തന്നെ വേണ്ടെന്ന് പറഞ്ഞതാ’; കിരൺ കുമാറിന്റെ ശബ്ദ സന്ദേശം പുറത്ത്

കിരൺ കുമാർ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. തനിക്കിഷ്ടപ്പെട്ട കാറല്ല ലഭിച്ചതെന്നാണ് കിരൺ കുമാർ പറയുന്നത്. വിസ്മയ കേസിൽ വിധി വരാൻ മണിക്കൂറുകൾ മാത്രം നിൽക്കെയാണ് നിർണായകമായ ഈ ശബ്ദസന്ദേശം പുറത്ത് വന്നിരിക്കുന്ന്. ( kiran kumar phone call revealed )
സ്ത്രീധനം ചോദിച്ചിട്ടില്ല, ആവശ്യപ്പെട്ടിട്ടില്ല എന്നതായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ ഈ വാദത്തെ റദ്ദ് ചെയ്യുന്ന ശബ്ദസന്ദേശവും ഫോൺ സംഭാഷണവുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കിരൺ : സ്‌കോഡ റാപ്പിഡ് കണ്ടപ്പോൾ വിളിച്ചോ ? വെന്റോ കണ്ടപ്പോ വിളിച്ചോ ? എനിക്കിഷ്ടം സിറ്റിയായിരുന്നു. സിറ്റി വിലക്കൂടതലാ, നോക്കണ്ടെന്ന് ഞാൻ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. നിങ്ങടെ എച്ചിത്തരം കണ്ടപ്പോൾ എനിക്ക് മനസിലായി. അവസാനം കറക്ട് വെന്റോ എടുത്ത് തരാൻ ഫിക്‌സ് ചെയ്തതല്ലേ ? പിന്നെന്താ രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ ഇട്ട്, രാത്രി ഞാൻ വന്നപ്പോഴാ ഈ സാധനം കാണുന്നത്. അപ്പൊഴേ എന്റെ കിളി പറന്ന്.
വിസ്മയ : പക്ഷേ അന്നും കുഴപ്പം ഇല്ലായിരുന്നല്ലോ ?
കിരൺ : അന്ന് കുഴപ്പമില്ല, അല്ലേങ്കിൽ പിന്നെ കല്യാണം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നേനെ. എന്നെ എല്ലാവരും വഴക്ക് പറയില്ലേ ?
ഇതുൾപ്പെടെ ഒരു ലക്ഷത്തോളം ശബ്ദസന്ദേശങ്ങളും ഫോൺ സംഭാഷണങ്ങളുമാണ് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കിരണനിനെതിരായുള്ള ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണമാണ്.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന മെയ് 23, 2022 ന് കേസിൽ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് കേരളം.
Story Highlights: kiran kumar phone call revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here