ചരിത്രം മാറുമ്പോൾ; വനിതാജീവനക്കാരെ മാത്രം ഉൾപ്പെടുത്തി സൗദിയുടെ വിമാന സർവീസ്…

ചില നേട്ടങ്ങൾ ആഘോഷിച്ചെ മതിയാകു. കാരണം ചില മാറ്റങ്ങൾ ഈ ലോകത്ത് സൃഷ്ടിക്കുന്നത് വലിയ മുന്നേറ്റങ്ങളാണ്. അങ്ങനെ ചരിത്ര തീരുമാനം കൈകൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. സൗദി അറേബ്യയിലെ ഒരു എയർലൈൻ സ്ത്രീ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാജ്യത്തെ ആദ്യ വിമാനം യാത്ര പൂർത്തിയാക്കി. യാഥാസ്ഥിതിക രാജ്യത്തിലെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുന്നു എന്നാണ് അധികൃതർ വ്യക്തമാക്കിയത്. വനിതകൾ മാത്രം നിയന്ത്രിച്ച വിമാനം സൗദിയിലെ റിയാദിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയാണ് ചരിത്രം കുറിച്ചത്.
ബജറ്റ് എയർലൈൻ ആയ ഫ്ലൈ അദീലിന്റെ 117 യാത്രക്കാരുമായി പറന്ന എ320 വിമാനമാണ് സ്വദേശികൾ ഉൾപ്പെടെ 7 വനിതകളുടെ നേതൃത്വത്തിൽ നിയന്ത്രിച്ചത്. ഫസ്റ്റ് ഓഫീസർ ഉൾപ്പെടെ ഏഴംഗ ക്രൂവിൽ ഭൂരിഭാഗവും സൗദി വനിതകളായിരുന്നു. എന്നാൽ ക്യാപ്റ്റൻ വിദേശ വനിതയായിരുന്നെന്നും ഫ്ലൈ അദീൽ വക്താവ് പറഞ്ഞു. സഹപൈലറ്റായത് ജീവനക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ സൗദി വനിത യാറ ജാൻ(23) ആണ്. ചരിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും യാറ വ്യക്തമാക്കി. ഫ്ലോറിഡയിലെ ഫ്ലൈറ്റ് സ്കൂളിൽ നിന്ന് 2019 ലാണ് യാറ ജാൻ ബിരുദം നേടിയത്. ഒരു വർഷം മുൻപാണ് ഫ്ലൈ അദീലിൽ ജോലിക്കു ചേർന്നത്.
ഫ്ലൈ അദീലിന്റെ ഈ ചരിത്ര നിമിഷം ശനിയാഴ്ച കമ്പനി പ്രഖ്യാപിച്ചതോടെ സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, സമീപ വർഷങ്ങളിൽ വ്യോമയാന മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളും പ്രഖ്യാപിച്ചു. 2019 ലാണ് ഒരു വനിത കോ-പൈലറ്റിനെ അതോറിറ്റി ആദ്യമായി പ്രഖ്യാപിക്കുന്നത്. സൗദിയെ ആഗോള ട്രാവൽ ഹബ്ബാക്കി മാറ്റുന്ന വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനുള്ള ശ്രമങ്ങളും അധികൃതർ നടത്തുന്നുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here