എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കാനായെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ്

വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന കോടതി വിധിയിൽ സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കാനായെന്നും പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ്. 304 ബി എന്ന വകുപ്പിൽ വരുന്ന കുറ്റകൃത്യം തെളിയിക്കാനായത് നേട്ടമായി. ഈ കുറ്റകൃത്യം ഭർത്താവിന്റെ വീട്ടിലെ നാല് ചുവരുകൾക്കുള്ളിലാണ് നടന്നത്. അത് എപ്രകാരമാണ് നടന്നതെന്ന് തെളിയിക്കാൻ സാഹചര്യത്തെളിവുകളെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ. അത് കൃത്യമായി ഹാജരാക്കാനായതിനാലാണ് അനുകൂലവിധി ലഭിച്ചത്.
ഒരു ഫോൺ സംഭാഷണത്തിൽ കിരൺകുമാർ തന്നെ പറയുന്നത്, റെക്കോർഡ് ചെയ്യാനുള്ള സാധ്യത ഒഴിവാക്കാൻ വാട്ട്സ് ആപ്പിലേ താൻ വിളിക്കുകയുള്ളൂ എന്നാണ്. ലഭ്യമായ ഫോൺ സംഭാഷണങ്ങളും റെക്കോർഡ് ചെയ്യപ്പെട്ട തെളിവുകളും കൃത്യമായി കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞുവെന്നത് നേട്ടമായെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
Read Also: ‘വിസ്മയയ്ക്ക് നീതി ലഭിച്ചു, സമൂഹത്തിന് നൽകിയ സന്ദേശമാണ് ഈ വിധി’ : വിസ്മയയുടെ അച്ഛൻ
കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള പറഞ്ഞു. വിധിയിൽ നിരാശയും വിയോജിപ്പുമുണ്ട്. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. വിധിവരുന്നതിന് മുമ്പ് വലിയ ആത്മവിശ്വാസത്തിലായിരുന്നു കിരൺകുമാറിന്റെ അഭിഭാഷകൻ. എവിഡൻസ് ആക്റ്റ് അനുസരിച്ച് ഡിജിറ്റൽ മെറ്റീരിയൽസ് തെളിവല്ലെന്ന് അവകാശപ്പെട്ട് പ്രതാപചന്ദ്രൻ പിള്ള രംഗത്തെത്തിയിരുന്നു. അത് തെളിവാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കണമെന്നും നടപടിക്രമങ്ങൾ പാലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധി പുറത്തുവന്നതോടെ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. നിരവധി നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ അനുകൂല വിധിയെന്ന് ഡിവൈഎസ്പി രാജ്കുമാർ പ്രതികരിച്ചു. 306, 498, 498 എ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെയാണ് പുറപ്പെടുവിക്കുന്നത്.
Story Highlights: vismaya case all the crimes were proved Public Prosecutor Mohan Raj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here