Advertisement

ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാൻ വ്യോമാതിർത്തിക്ക് സമീപം ചൈനയും റഷ്യയും വിമാനങ്ങള്‍ പറത്തി; പ്രതിഷേധം

May 25, 2022
2 minutes Read

ക്വാഡ് രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ച നടക്കുന്നതിനിടെ തങ്ങളുടെ വ്യോമാതിര്‍ത്തിയ്ക്ക് സമീപം ചൈനയും റഷ്യയും സംയുക്തമായി ജെറ്റ് വിമാനങ്ങള്‍ പറത്തിയതിനെ അപലപിച്ച് ജപ്പാന്‍ പ്രതിരോധ മന്ത്രി നൊബുവോ കിഷി. ചൈനയുടേയും റഷ്യയുടേയും പ്രവൃത്തി ന്യായീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബര്‍ മുതലുള്ള കാലയളവില്‍ നാലാമത്തെ തവണയാണ് ചൈനയും റഷ്യയും ജപ്പാന് സമീപം ജെറ്റ് വിമാനങ്ങള്‍ പറത്തുന്നത്.

പ്രദേശികസുരക്ഷയെ കുറിച്ച് ക്വാഡ് രാഷ്ട്രങ്ങളായ യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവയുടെ രാഷ്ട്രത്തലവന്‍മാര്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു ജെറ്റ് വിമാനങ്ങള്‍ ജപ്പാന്‍ വ്യോമാതിര്‍ത്തിയ്ക്ക് സമീപം പറന്നത്. എന്നാല്‍, വിമാനങ്ങള്‍ ജപ്പാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

രണ്ട് ചൈനീസ് ബോംബറുകളും രണ്ട് റഷ്യന്‍ ബോംബറുകളും ജപ്പാന്‍ കടലിന് മുകളിലൂടെ കിഴക്കന്‍ ചൈനാക്കടലിലേക്ക് സഞ്ചരിച്ചതായി ജപ്പാന്‍ പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മറ്റ് രണ്ട് ചൈനീസ് ബോംബറുകളും രണ്ട് റഷ്യന്‍ ബോംബറുകളും ഒരുമിച്ച് പസഫിക് സമുദ്രഭാഗത്തേക്ക് നീങ്ങിയെന്നും കിഷി കൂട്ടിച്ചേര്‍ത്തു. കൂടാതെ, റഷ്യയുടെ ഒരു രഹസ്യവിവരശേഖരണ വിമാനം ജപ്പാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ടതായും ക്വാഡ് ഉച്ചകോടിക്കിടെ നടക്കുന്ന ഈ നീക്കങ്ങള്‍ പ്രകോപനപരമാണെന്നും കിഷി കൂട്ടിച്ചേര്‍ത്തു.

Read Also: ഇന്തോ പസഫിക് മേഖലയിലെ കടന്നുകയറ്റങ്ങളെ ചെറുക്കും; ചൈനയുടെ പേര് പറയാതെ ക്വാഡ് പ്രഖ്യാപനം

വ്യോമ പട്രോളിങ്ങിനെതിരെ റഷ്യയ്ക്കും ചൈനയ്ക്കും നയതന്ത്രമാര്‍ഗങ്ങളിലൂടെ സൂചന നല്‍കിയിട്ടും അത് അവഗണിക്കുകയാണെന്നും യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയുടെ പക്ഷം ചേര്‍ന്ന് ചൈന പ്രവര്‍ത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

Story Highlights: Chinese, Russian Fighter Jets Flew Near Japan Airspace As Quad Met

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top