അർച്ചന കവിയുടെ പരാതിയിൽ നടപടി; എസ്.എച്ച്.ഒയ്ക്ക് താക്കീത്

നടി അർച്ചന കവിയുടെ ആരോപണത്തിൽ എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി. ഫോർട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസ് നടത്തിയത് സദാചാര പൊലീസിംഗെന്ന് നേരത്തെ നടി അർച്ചന കവി ആരോപിച്ചിരുന്നു.
രാത്രി യാത്രയ്ക്കിടെ കൊച്ചി പൊലീസിൽ നിന്ന് ഉണ്ടായ ദുരനുഭവം പങ്കുവച്ചെങ്കിലും നടി അർച്ച കവി സംഭവത്തിൽ പരാതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടപടി താക്കീതിൽ ഒതുങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറിയെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ നടി വ്യക്തമാക്കിയത്. കൊച്ചി രവിപുരത്ത് നിന്ന് ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
ഓട്ടോ തടഞ്ഞ് നിർത്തിയ പൊലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്റ്റിൽ നടി ആരോപിച്ചത്. പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും തന്‍റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതെന്നും നടി പ്രതികരിച്ചിരുന്നു.
Story Highlights: action on archana complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here