‘എന്റെ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല’; മുഖ്യമന്ത്രി തെറ്റിദ്ധരിച്ചതാണെന്ന് നടന്‍ രവീന്ദ്രന്‍

തൃക്കാക്കര പ്രസംഗത്തിലെ വിമര്‍ശനത്തിന് മറുപടി പറഞ്ഞ് നടന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും തന്റെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമായിരുന്നില്ലെന്നും രവീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതിജീവിതയ്‌ക്കെതിരെ അക്രമം നടക്കുമ്പോള്‍ അന്ന് ബഹ്‌റൈനില്‍ ആയിരുന്നെന്നും ചില മാധ്യമങ്ങളിലൂടെ അന്ന് തന്നെ പ്രതികരണം അറിയിച്ചിരുന്നെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യമുയര്‍ത്തി ഗാന്ധി സ്വകറില്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് രവീന്ദ്രനെതിരെ വിമര്‍ശനങ്ങളുയര്‍ന്നത്. മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞ നടന്‍ താനാണെന്ന് മാധ്യമങ്ങളാണ് പറയുന്നത്. അദ്ദേഹം ആരുടേയും പേര് സൂചിപ്പിച്ചിട്ടില്ല. തന്റെ സമരത്തിന് പിന്നില്‍ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. ഗാന്ധി സ്വകയറിലെ സമരം നടക്കുമ്പോള്‍ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പോലും വന്നിട്ടില്ല. അതിജീവിതയ്ക്ക് നീതികിട്ടുന്നില്ലെന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു. മുഖ്യമന്ത്രിയുടേയും അതിജീവിതയുടേയും കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
താനുള്‍പ്പെടെയുള്ളവര്‍ നീതികേടിനെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും രവീന്ദ്രന്‍ വിശദീകരിച്ചു. അതൊരു കോണ്‍ഗ്രസ് പരിപാടിയായിരുന്നില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: actor ravindran replay to cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here