ജോ ജോസഫിനെതിരെ വ്യാജ വിഡിയോ; ഒരാൾ അറസ്റ്റിൽ

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ഇയാൾ. വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ച് പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് പരിശോധന നടത്തിയത്. സമൂഹമാധ്യമത്തിൽ മൂന്നു വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്. വിഡിയോ പ്രചരിപ്പിച്ച ശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.
നേരത്തെ ജോ ജോസഫ് ക്രൂരമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും വ്യാജ വിഡിയോ പ്രചരിപ്പിക്കുകയാണെന്നും ഭാര്യ ദയ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേയെന്നും കുട്ടികള്‍ക്ക് പഠിക്കണ്ടേയെന്നും അവര്‍ ചോദിച്ചു. എന്നോ എവിടെയോ കറങ്ങിയിരുന്ന ഒരു വ്യാജ വീഡിയോ അദ്ദേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് 31-ന് കഴിയും. അതില്‍ ഒരാള്‍ ജയിക്കുകയും മറ്റേയാള്‍ തോല്‍ക്കുകയും ചെയ്യും. അതിന് ശേഷവും നമുക്കെല്ലാം ഈ നാട്ടില്‍ ജീവിക്കാനുള്ളതല്ലേയെന്നും ദയ ചോദിച്ചു.
Story Highlights: fake video against joe joseph one arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here