വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; പിന്നാലെ വിക്രം മിസ്രിക്ക് സൈബര്‍ ആക്രമണം, കുടുംബാംഗങ്ങള്‍ക്ക് നേരെ അധിക്ഷേപം; ശക്തമായി അപലപിച്ച് IAS,IPS അസോസിയേഷനുകള്‍

ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തെ അപലപിച്ച് ഐഎഎസ്, ഐപിഎസ് അസോസിയേഷനുകളും മുന്‍ ഉദ്യോഗസ്ഥരും. ഇന്ത്യയും പാകിസ്താനും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചെന്ന് വിക്രം മിസ്രിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുമുന്‍പ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ തീരുമാനം ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. വെടിനിര്‍ത്തലിനെയും അമേരിക്കന്‍ ഇടപെടലിനേയും അംഗീകരിക്കാനാകില്ലെന്ന് സൂചിപ്പിച്ചാണ് മിസ്രിയ്ക്ക് നേരം സൈബര്‍ ആക്രമണം നടക്കുന്നത്. (IAS, IPS associations slam attacks’ on Vikram Misri)
ഇന്ത്യയ്ക്ക് നിലപാടുകളും നട്ടെല്ലുമുള്ള ഉന്നത ഉദ്യോഗസ്ഥരില്ലെന്നാണ് മുഖമോ യഥാര്‍ത്ഥ പേരോ ഇല്ലാത്ത പല ഐഡികളില്‍ നിന്നും വരുന്ന ആക്ഷേപം. മിസ്രിയുടെ കുടുംബ ഫോട്ടോകളും മറ്റും തെറ്റായ ക്യാപ്ഷനോടെ പോസ്റ്റ് ചെയ്യുകയും ചിത്രങ്ങള്‍ ട്രോളുകള്‍ നിര്‍മിക്കാനായി ദുരുപയോഗിക്കുകയും ചെയ്യുന്നുണ്ട്. മിസ്രിയുടെ മകളുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളും പരിഹാസങ്ങളും ഉള്‍പ്പെടെ നിറയുന്നുണ്ട്. ജനസേവകരായ ഉദ്യോഗസ്ഥരുടെ അന്തസ്സ് സംരക്ഷിക്കുന്നതിനായി തങ്ങള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Read Also: കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു
ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് വിദേശകാര്യ സെക്രട്ടറിയേയും കുടുംബത്തേയും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം ലജ്ജാകരമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ മോനോന്‍ റാവു എക്‌സില്‍ കുറിച്ചു. മിസ്രിയുടെ മകളുടെ ഫോട്ടോയ്ക്ക് പോലും മോശം കമന്റുകളിടുന്നതും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് മാന്യതയുടെ സകല പരിധികളും ലംഘിക്കുന്ന പ്രവൃത്തിയാണ്. ഇത്തരം വിഷലിപ്തമായ വെറുപ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ അവര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും നിരുപമ കൂട്ടിച്ചേര്‍ത്തു.
Story Highlights : IAS, IPS associations slam attacks’ on Vikram Misri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here