Advertisement

പിസി ജോർജിനെ തിരുവനന്തപുരത്ത് എത്തിച്ചു; താലപ്പൊലിയും പുഷ്പവൃഷ്ടിയുമായി ബിജെപി

May 26, 2022
Google News 1 minute Read

മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരം എ.ആർ ക്യാമ്പിൽ എത്തിച്ചു. പിസി ജോർജിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. റിമാൻഡ് ചെയ്യാനാണ് സാധ്യത. വൻ പ്രതിഷേധമാണ് ക്യാമ്പിന് പുറത്ത് അരങ്ങേറുന്നത്. ജോർജിനെ എത്തിച്ച വാഹനത്തിന് നേരെ പുഷ്പവൃഷ്ടിയും, മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.

അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോര്‍ജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. വഴിയിൽ ഉടനീളം ബിജെപി പ്രവർത്തകർ കാത്തുനിന്നു. ചിലയിടത്ത് വാഹത്തിന് നേരെ താലപ്പൊലിയും പുഷ്പവൃഷ്ടിയും നടന്നു. വിദ്വേഷ പ്രസംഗം നടത്തിയ ജോർജിനെതിരെ ഡി.വൈ.എഫ്.ഐയും പ്രതിഷേധിച്ചു.

അതേസമയം കൊച്ചിയിൽ നിന്നും പുറപ്പെട്ട പൊലീസ് വാഹനം അമിത വേഗത്തിലായിരുന്നുവെന്നും, മംഗലാപുരത്ത് അപകടത്തിൽപ്പെട്ടെന്നും ബിജെപി ആരോപിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണ് സർക്കാർ നടത്തുന്നത്. പിസി ജോർജിന് ബിജെപി പൂർണ പിന്തുണ നൽകും. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം നടത്തുമെന്നും വിവി രാജേഷ് പറഞ്ഞു.

നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ല പിസി ജോർജ് എന്ന് മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ഷോണ്‍ പ്രതികരിച്ചു. ആരെയോ തൃപ്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോണിനെ എആര്‍ ക്യമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് അനുവദിച്ചിട്ടില്ല.

വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് പൊലീസ് ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. 

Story Highlights: pc george brought to tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here