ജാമ്യം റദ്ദാക്കിയതിനെതിരെ പിസി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മത വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പിസി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ചാവും ഈ ഹർജി പരിഗണിക്കുക. ജാമ്യേപേക്ഷ നിലനിൽക്കില്ലെന്ന് ഡിജിപി വാദിച്ചിരുന്നു.
തിരുവനന്തപുരത്തെ പ്രസംഗത്തിലെ ജാമ്യാപേക്ഷയും വെണ്ണല പ്രസംഗത്തിലെ മുൻകൂർ ജാമ്യാപേക്ഷയുമാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. എന്നാൽ, തിരുവനന്തപുരത്തെ പ്രസംഗക്കേസിൽ ഇപ്പോൾ നടത്തിയ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നാണ് ഡിജിപിയുടെ എതിർവാദം. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് നിലവിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
Read Also: പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ; രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയേക്കും
പി സി ജോർജിനെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് കൊച്ചി കമ്മിഷണർ സി എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. നിലവിൽ ഒരു സംഭവമുണ്ടായിരിക്കെ വീണ്ടും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടായിരുന്നു. അത് അറിഞ്ഞുകൊണ്ടാണ് പ്രസംഗത്തിന് ക്ഷണിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണം. ആവശ്യമെങ്കിൽ സംഘാടകർക്കെതിരെ കേസെടുക്കുമെന്നും കമ്മിഷണർ സൂചിപ്പിച്ചിരുന്നു.
പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചെന്നും പി സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന് തെളിവുണ്ടെന്നും പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. നേരത്തേ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോർജിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച പി സി ജോർജിനോട്, വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഈ വ്യവസ്ഥ കോടതിക്ക് പുറത്തുവെച്ച് തന്നെ ജോർജ് ലംഘിച്ചിരുന്നു.
Story Highlights: High Court will hear the petition of PC George today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here