ലഡാക്കിൽ സൈനികർ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി കരസേനയുടെ നോർത്തേൺ കമാൻഡ്

ലഡാക്കിൽ സൈനിക വാഹനം നദിയിൽ വീണ് ഏഴ് സൈനികർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി കരസേനയുടെ നോർത്തേൺ കമാൻഡ്. മരിച്ച സൈനികരുടെ പേരുവിവരങ്ങൾ കരസേന പുറത്തുവിട്ടു. മലയാളിയായ ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജൽ അടക്കമുള്ളവരാണ് ഇന്നലെ ലഡാക്കിലെ തുർതുക് മേഖലയിലുണ്ടായ അപകടത്തിൽ മരിച്ചത്. അതേസമയം, പരുക്കേറ്റ 19 സൈനികർ ഹരിയാന പഞ്ച്കുലയിലെ കരസേനാ ആശുപത്രിയിൽ ചികിത്സയിലാണ്.
മലപ്പുറം പരപ്പനങ്ങാട് സ്വദേശി ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജൽ, സുബേദാർ ഷിൻഡെ വിജയ് റാവു സർജേറാവു, നായിബ് സുബേദാർ ഗുരുദയാൽ സാഹു, നായിക് സന്ദീപ് കുമാർ പാൽ, നായിക് ജാദവ് പ്രശാന്ത് ശിവജി, നായിക് രാമാനുജ് കുമാർ, ലാൻസ് നായിക് ബപ്പാദിത്യ ഖുട്ടിയ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കരസേനയുടെ നോർത്തേൺ കമാൻഡ് അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് വേഗം ഭേദമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും കരസേന വ്യക്തമാക്കി. പരുക്കേറ്റ സൈനികർക്ക് സാധ്യമായ എല്ലാ സഹായവും കരസേന നൽകുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പരുക്കേറ്റ 19 സൈനികർ ഹരിയാന പഞ്ച്കുലയിലെ കരസേനാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം ലഡാക്കിലെ തുർതുക് മേഖലയിൽ ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പർത്താപുരിൽ നിന്ന് ഹനീഫ് സബ് സെക്ടറിലേക്ക് പോകുകയായിരുന്നു 26 സൈനികരടങ്ങിയ സംഘം. ഇവർ സഞ്ചരിച്ച ബസ് റോഡിൽ നിന്ന് തെന്നി മാറി ഷ്യോക് നദിയിലേക്ക് വീണുവെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: ladakh army officers death update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here