മത വിദ്വേഷ മുദ്രാവാക്യ കേസ്; കുട്ടിയെയും കുടുംബത്തെയും കണ്ടെത്താനുള്ള അന്വേഷണം തുടർന്ന് പൊലീസ്

മതവിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയെയും കുടുംബത്തെയും കണ്ടെത്താനുള്ള അന്വേഷണം തുടർന്ന് പൊലീസ് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ശക്തികേന്ദ്രകളിലാണ് അന്വേഷണം. കേസിൽ കുട്ടിയുടെ മൊഴി നിർണായകമാണ്. അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിൽ എടുക്കുന്നു എന്നാരോപിച്ച് ഇന്ന് ആലപ്പുഴ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 20 പേരെ റിമാൻഡ് ചെയ്തു.
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കുട്ടി എറണാകുളം ജില്ലക്കാരൻ ആണ്. ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കൊച്ചി കമ്മീഷനർ സിഎച്ച് നാഗരാജു പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തിൽ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്തു. പ്രകടനത്തിൽ കുട്ടിയെ ചുമലിലേറ്റി നടന്ന അൻസാർ നജീബിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി.
Story Highlights: popular front rally police investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here