‘രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചു’; ഇഡി

രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് വെളിപ്പെടുത്തല്‍. പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകള്‍ ഇ ഡിയ്ക്ക് ലഭിച്ചു.
രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമെന്നും ഇ ഡി വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. നയരൂപീകരണം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍ മൊബിലൈസേഷന്‍, എന്നിവയ്ക്കെല്ലാം എസ്ഡിപിഐ പിഎഫ്ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും തെളിവുകള്‍ കണ്ടെത്തിയതായും ഇഡി വെളിപ്പെടുത്തി.
എസ്ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 രൂപ നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചു. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനായി പിഎഫ്‌ഐ പിരിച്ച പണത്തിന്റെ വിഹിതം എം കെ ഫൈസി കൈപ്പറ്റി. 12 തവണ നോട്ടീസ് നല്‍കിയിട്ടും എം കെ ഫൈസി ഹാജരായില്ല – എന്നിങ്ങനെയാണ് ഇ ഡി വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം എം കെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി ബെംഗളൂരുവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഫൈസിയെ ഡല്‍ഹിയില്‍ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും സമഗ്രമായ അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
Story Highlights : ED arrests SDPI chief, says party funded by banned PFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here