‘വീട്ടില്‍ പോയിരുന്ന് പാചകം ചെയ്യൂ’; സുപ്രിയ സുലെ എംപിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി നേതാവ്

എന്‍സിപി എംപി സുപ്രിയ സുലെയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മഹാരാഷ്ട്രാ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. സുപ്രിയ സുലെയോട് വീട്ടില്‍ പോയിരിക്കൂ, പാചകം ചെയ്യൂ എന്നായിരുന്നു ബിജെപി അധ്യക്ഷന്റെ പരാമര്‍ശം. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയെന്ന് വിവാദമായതോടെ ചന്ദ്രകാന്ത് പാട്ടീലിനോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ നോട്ടിസ് അയച്ചിരുന്നു.
അതേസമയം തന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പരാമര്‍ശം ഒരു സ്ത്രീയെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പാട്ടീല്‍ പറഞ്ഞു.
’45 വര്‍ഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തില്‍, സ്ത്രീ ശാക്തീകരണത്തിനായി വിവിധ സാമൂഹിക സംഘടനകളുമായി എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്, രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയുടെ പ്രസിഡന്റ് എന്ന നിലയില്‍, രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം ഞാന്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി ബിജെപി
ഞങ്ങള്‍ക്ക് നിയമസഭയില്‍ 12 വനിതാ എംഎല്‍എമാരും ലോക്സഭയില്‍ അഞ്ച് വനിതാ എംപിമാരും ഉണ്ട്. ഒബിസി വിഭാഗത്തിന് സംവരണം നിഷേധിക്കപ്പെട്ടതിനാല്‍ ഞാന്‍ ഏറെ അസ്വസ്ഥനായിരുന്നു. ഈ സമയത്താണ് ആരോ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഒരു ഗ്രാമീണ പഴഞ്ചൊല്ല് ഉപയോഗിച്ച് ഞാന്‍ പ്രതികരിച്ചത്,’. പാട്ടീല്‍ പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട ഒരു പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ തനിക്ക് വേദനയുണ്ടെന്നും ബിജെപി അധ്യക്ഷന്‍ വനിതാ കമ്മീഷന് നല്‍കിയ കത്തില്‍ കൂട്ടിച്ചേര്‍ത്തു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ മകളാണ് സുപ്രിയ സുലെ.
Story Highlights: Maharashtra BJP chief apologises remark on Supriya Sule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here