സർക്കാർ സ്റ്റേഡിയത്തിലെ ട്രാക്കിൽ നായയെ നടത്തിയ ഐഎഎസ് ദമ്പതികളെ പിന്തുണച്ച് മനേക ഗാന്ധി

കായിക താരങ്ങളെ ഒഴിപ്പിച്ച് സർക്കാർ സ്റ്റേഡിയത്തിലെ ട്രാക്കിൽ നായയെ നടത്തിയതിന് ഡൽഹിയിൽ നിന്ന് ലഡാക്കിലേക്കും അരുണാചലിലേക്കും സ്ഥലം മാറ്റപ്പെട്ട ഐഎഎസ് ദമ്പതികളെ പിന്തുണച്ച് ഭാരതീയ ജനതാ പാർട്ടി എംപി മനേക ഗാന്ധി. ഐഎഎസ് ദമ്പതികളായ സഞ്ജീവ് ഖിർവാറിനും റിങ്കു ദുഗ്ഗയ്ക്കുമാണ് മനേക ഗാന്ധി പിന്തുണ പ്രഖ്യാപിച്ചത്.
ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് ഐ എ എസ് ദമ്പതികളെ സ്ഥലംമാറ്റിയത്. ഐഎഎസ് ദമ്പതികളായ സഞ്ജീവ് ഖിർവാനെയും റിങ്കു ദുഗ്ഗയെയും ലഡാക്കിലേക്കും അരുണാചലിലേക്കും സ്ഥലംമാറ്റിയ കേന്ദ്ര സർക്കാർ നടപടിയെയും മനേക ഗാന്ധി വിമർശിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ഡൽഹിക്ക് നഷ്ടമാണെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. അരുണാചൽ പ്രദേശും ലഡാക്കും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള പ്രദേശങ്ങളല്ലെന്നും ആളുകൾ സന്തോഷത്തോടെ പോകുന്ന സ്ഥലങ്ങളാണ് അവയെന്നും അവർ കൂട്ടിച്ചേർത്തു.
Read Also: മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്
‘എനിക്ക് സഞ്ജീവ് ഖിർവാറിനെ നന്നായി അറിയാം. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തെറ്റാണ്. അദ്ദേഹത്തിന്റെ സ്ഥലംമാറ്റം ഡൽഹിക്ക് നഷ്ടമാണ്, ഖിർവാർ പരിസ്ഥിതി വകുപ്പ് സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ നിന്ന് ഡൽഹിക്ക് വലിയ നേട്ടമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനെതിരായ നടപടി തീർത്തും തെറ്റാണ് ‘. – മനേക പ്രതികരിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഡൽഹിയിലെ എല്ലാ സ്റ്റേഡിയങ്ങളും കായികതാരങ്ങൾക്കും പരിശീലകർക്കും വേണ്ടി രാത്രി 10 വരെ തുറന്നുകൊടുക്കാൻ ഉത്തരവിട്ടു. 2010 കോമൺവെൽത്ത് ഗെയിംസിനായാണ് ത്യാഗരാജ സ്റ്റേഡിയം നിർമിച്ചത്.
Story Highlights: Maneka Gandhi supports IAS couple accused of misusing stadium to walk their dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here