Advertisement

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: അഭിപ്രായ സർവേകൾക്കും എക്‌സിറ്റ് പോളിനും നിരോധനം

May 29, 2022
2 minutes Read
thrikkakkara
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൃക്കാക്കരയിൽ വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചതായി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേകൾ ഇലക്‌ട്രോണിക് മീഡിയവഴി 29ന് വൈകിട്ട് ആറ് മണി മുതൽ 31ന് വൈകിട്ട് ആറ് മണി വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിന്റെ ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. പി.സി ജോർജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകൾ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ. സ്ഥാനാർത്ഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോൺഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്.

വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനാണ് ഇടതുമുന്നണി ആദ്യം ശ്രമിച്ചത്. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

Read Also: ചോദ്യം ചെയ്യലിന് ഹാജരാകില്ല; പി.സി.ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തും

ക്രൈസ്തവർക്കിടയിലെ മുസ്ലിംവിരുദ്ധ വികാരം മുതലെടുക്കാൻ പി.സി. ജോർജിന്റെ അറസ്റ്റിനെ ആയുധമാക്കിയതോടെ ബി.ജെ.പിക്കും വീര്യം കിട്ടി. പി.സി. ജോർജിന്റെ സാന്നിദ്ധ്യത്തിൽ ഇന്നത്തെ പ്രചാരണം തകർക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. എന്തായാലും വിവിധ വിഷയങ്ങളിൽ ഇന്നും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങൾ തുടരും. അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേസമയം പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികൾക്ക്.

ഇതിനിടെ തൃക്കാക്കരയിൽ കള്ളവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തി. തൃക്കാക്കരയിലെ ബൂത്ത് നമ്പർ 161ൽ 5 വ്യാജ വോട്ടുകൾ ചോർത്തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പല വോട്ടർമാർക്കും അഷ്റഫ് എന്നയാളെയാണ് രക്ഷകർത്താവ് ആയി ചേർത്തിട്ടുള്ളത്. യുഡിഎഫ് നൽകിയ 3000 വോട്ടർമാരുടെ അപേക്ഷ തള്ളിക്കളഞ്ഞു. ഭൂരിപക്ഷം കുറയ്ക്കാൻ 6000 അപേക്ഷകൾ തള്ളിയെന്ന് അദ്ദേഹം വ്യകത്മാക്കി. കള്ളവോട്ട് ചെയ്യാൻ ആരും തൃക്കാക്കരയിലേക്ക് വരേണ്ട. അങ്ങനെ വന്നാൽ ജയിലിലേക്ക് പോകാൻ തയ്യാറായി വരണമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

സ്ഥലത്തില്ലാത്തതും മരിച്ചുപോയതുമായി വോട്ടർമാരുടെ പേരുകൾ കണ്ടെത്തി പോളിംഗ് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്കും ജില്ലാ കളക്ടർക്കും നൽകും. ഏതെങ്കിലും തരത്തിൽ കള്ളവോട്ടിന് ശ്രമമുണ്ടായാൽ അത് കണ്ടെത്താൻ യുഡിഎഫിന് ശക്തമായ മെക്കാനിസം ഇക്കുറി ഉണ്ടെന്നും സതീശൻ പറഞ്ഞു.

Story Highlights: Thrikkakara by-election: Ban on opinion polls and exit polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement