സംരംഭങ്ങള്‍ക്കും തൊഴിലിനും ഊന്നല്‍, പതിനാലാം പദ്ധതി സബ്സിഡി മാര്‍ഗരേഖയായി: മന്ത്രി എം വി ഗോവിന്ദന്‍

പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-നഗരസഭാ വാർഷിക പദ്ധതികളിൽ നൽകാവുന്ന സബ്സിഡി മാര്‍ഗരേഖ തയ്യാറായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്ഥാപനതലത്തിൽ പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകുന്നതാണ് ധനസഹായ നിർദ്ദേശങ്ങൾ. സബ്സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുകയും ചെയ്തു.
തൊഴിൽ ദായക സംരംഭങ്ങൾ ആരംഭിക്കുന്നവരുടെ വരുമാനം പരിഗണിക്കാതെ ധനസഹായം നൽകും. സ്വയം തൊഴിൽ സംരംഭക പ്രൊജക്ടുകൾക്ക് ആനുകൂല്യം നൽകുന്നതിന്, സംരംഭകന്റെ വാർഷിക വരുമാന പരിധി അഞ്ച് ലക്ഷമായി ഉയർത്തി. പ്രാദേശികമായി സൃഷ്ടിക്കപ്പെടുന്ന പ്രത്യക്ഷ തൊഴിലുകൾ ലക്ഷ്യമിട്ട് സംരംഭകർക്ക് പലിശ സബ്സിഡി, ടെക്നോളജി കൈമാറ്റ ഫണ്ട്, ടെക്നോളജി അപ്ഗ്രഡേഷൻ ഫണ്ട്, ഇന്നവേഷൻ ഫണ്ട്, ക്രൈസിസ് മാനേജ്‌മന്റ് ഫണ്ട്, പുനരുജ്ജീവന ഫണ്ട്, ഇൻക്യുബേഷൻ ഫണ്ട്, സീഡ് സപ്പോർട്ട് ഫണ്ട് തുടങ്ങിയ നൂതന ആശയങ്ങളാണ് സബ്സിഡി മാർഗരേഖയിലുള്ളത്. അർഹരായവർക്ക് തൊഴിലും വരുമാനവും നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുന്നതിന് ധനസഹായവും നൽകും. മൈക്രോ സംരംഭങ്ങൾ തുടങ്ങുന്നതിന് കുറഞ്ഞത് രണ്ട് പേരെങ്കിലുമുള്ള സംഘങ്ങൾക്ക് സബ്സിഡി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും. വൃക്ക രോഗികള്‍ക്ക് ആഴ്ചയില്‍ 1000 രൂപ ക്രമത്തില്‍ എല്ലാ മാസവും 4000 രൂപ നല്‍കുന്നതിന് അനുമതി നല്‍കി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ശാരീരിക – മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിന് വരുമാന പരിധിയില്ല. ബഡ്സ് സ്കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍, ആയ, ഊരുകൂട്ട വോളണ്ടിയര്‍മാര്‍ മുതലായവരുടെ വേതനം വര്‍ദ്ധിപ്പിച്ചു. വയോജനങ്ങള്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കും. പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് വരുമാന പരിധി പരിഗണിക്കാതെ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കും. വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി പൊതുവിഭാഗത്തിന് രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്ന് ലക്ഷം രൂപയുമായിരിക്കും. വരുമാന പരിധി പരിഗണിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും ജോലി നേടുന്നതിനായുള്ള പ്രവൃത്തി പരിചയം കരസ്ഥമാക്കുന്നതിന് സ്റ്റൈപ്പന്റ് നല്‍കിക്കൊണ്ട് പരിശീലനത്തിനുള്ള നിര്‍ദ്ദേശവും ഉത്തരവിലുണ്ട്.
മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം എന്നീ മേഖലകളിലെ ഉത്പാദന പ്രൊജക്ടുകൾക്ക് സബ്‌സീഡി ആനുകൂല്യം നൽകുന്നതിനുള്ള കുടുംബ വാർഷിക പരിധി അഞ്ച് ലക്ഷം രൂപയായിരിക്കും. കേരളത്തിന്റെ സുസ്ഥിരമായ വികസനമാണ് പതിനാലാം പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
Story Highlights: Emphasis on Enterprise and Employment, 14th Plan as Subsidy Guide: MV Govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here