നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹർജിയിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും. ഒരു തരത്തിലും കേസിൽ ഇടപെടാൻ ശ്രമിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കും. കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യവും കോടതി ഇന്ന് പരിഗണിച്ചേക്കും. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി റിർപ്പോർട്ട് നൽകാനായിരുന്നു കോടതി നൽകിയിരുന്ന നിർദേശം. ഇതിൽ സാവകാശം തേടിയും സർക്കാർ ഹർജി നൽകിയിരുന്നു.
പുതിയ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസമാണ് സാവകാശം തേടുന്നത്.
വിചാരണക്കോടതിയ്ക്ക് എതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നുവെന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന് വച്ചത് കേട്ടുകേൾവി ഇല്ലാത്തതെന്നാന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്.
Read Also: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി നിലപാടുകളിൽ സംശയമെന്ന് എംവി ജയരാജൻ
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനൂപിന്റെ മൊബൈൽ ഫോണുകളുടെ പരിശോധനയിലാണ് തെളിവ് കിട്ടിയതെന്നും ഈ സാഹചര്യത്തിൽ സൈബർ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടുതൽ സമയം വേണമെന്നുമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്.
കേസിൽ സർക്കാരിന്റെ പിന്തുണ തേടി അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. നടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
Story Highlights: Case of assault on actress; government will reply in high court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here