‘ഞാന്‍ പ്രധാനമന്ത്രിയല്ല; 130 കോടി വരുന്ന കുടുംബത്തിലെ അംഗം’; നരേന്ദ്രമോദി ഷിംലയില്‍

എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇന്ത്യയുടെ വിദേശനയത്തില്‍ വലിയ മാറ്റമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഇന്ത്യ നിസഹായയല്ല. ഒരു രാജ്യവുമായും ഇന്ത്യക്ക് നിര്‍ബന്ധിച്ച് ചങ്ങാത്തം കൂടേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഷിംലയില്‍ നടന്ന ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യക്ക് ഇനി മറ്റ് രാജ്യങ്ങളോട് യാചിക്കേണ്ട സാഹചര്യമുണ്ടാകില്ല. ലോകം മുഴുവനുമുള്ള രാജ്യങ്ങള്‍ക്ക് ഇന്ന് ഇന്ത്യ സഹായഹസ്തം നല്‍കുകയാണ്. 150ലേറെ രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്സിന് വിതരണം ചെയ്തു. നമ്മുടെ രാജ്യത്തിന് ഇതിനെല്ലാം കഴിവുണ്ടെന്ന് നമ്മള് തെളിയിച്ചുകഴിഞ്ഞു. ഫയലുകളില്‍ ഒപ്പിടുന്നതല്ലാതെ ഒരു പ്രധാനമന്ത്രി സ്ഥാനത്തും ഞാനില്ല. ഞാന്‍ പ്രധാന് സേവക് മാത്രമാണ്, 130 കോടി വരുന്ന ഇന്ത്യയിലെ ശക്തമായ കുടുംബത്തിലെ അംഗം. എന്റെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു, മോദി പറഞ്ഞു.
‘ഇന്ത്യയിലെ റിമോട്ട് ഏരിയകളിലടക്കം ജീവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും. 2014ന് മുന്‍പുള്ള കാലഘട്ടം എങ്ങനെയായിരുന്നെന്ന് മറക്കരുത്. ഇന്നത്തെ ഭരണത്തിന്റെ പ്രസക്തി അപ്പോഴേ നിങ്ങള്‍ക്ക് മനസിലാകൂ. കൊള്ളയും അഴിമതിയും കുംഭകോണങ്ങളും സ്വജനപക്ഷപാതവും മാത്രമായിരുന്നു അന്ന് രാജ്യത്തുണ്ടായിരുന്നത്.
സര്‍ക്കാര്‍ പദ്ധതികളുടെ വികസനവും നേട്ടങ്ങളുമാണ് ഇന്ന് പൊതു അജണ്ടയിലെ തന്നെ വിഷയങ്ങള്‍. ഇന്ന് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് എത്തുന്നു. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് ലോകം സംസാരിക്കുന്നു. ലോകബാങ്ക് പോലും ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നു. കുറ്റവാളികള്‍ക്കെതിരെയും സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുന്നു’.
Read Also: കശ്മീരി പണ്ഡിറ്റ് അധ്യാപികയെ വെടിവച്ചു കൊന്നു
കോണ്‍ഗ്രസ് സര്‍ക്കാരിന് അഴിമതി അവിഭാജ്യ ഘടകമായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യം എങ്ങനെയാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ജനങ്ങള്‍ കണ്ടു. ഇപ്പോള്‍, ജന്‍ധന്‍ യോജന, ഉജ്വല യോജന, സ്വച്ഛ് ഭാരത് അഭിയാന്, ആയുഷ്മാന്‍ ഭാരത് എന്നിവയെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നു. മോദി കൂട്ടിച്ചേര്‍ത്തു.
Story Highlights: narendra modi is in shimla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here