കശ്മീരി പണ്ഡിറ്റ് അധ്യാപികയെ വെടിവച്ചു കൊന്നു

കുൽഗാമിൽ കശ്മീരി പണ്ഡിറ്റ് അധ്യാപിക വെടിയേറ്റ് മരിച്ചു. ഗോപാൽപുരയിലെ പണ്ഡിറ്റ് സ്ത്രീയെയാണ് ഭീകരർ വെടിവെച്ചത്. അധ്യാപികയായ രജനി ബാലയെ(36) ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയാണ്.
ഗോപാൽപുരയിൽ സ്ഥിതി ചെയ്യുന്ന ഹൈസ്‌കൂളിൽ പ്രവേശിച്ച ശേഷം അധ്യാപികയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. മെയ് മാസത്തിൽ കശ്മീരിൽ ഇതുവരെ ഏഴ് കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ നാല് പേർ സാധാരണക്കാരും മൂന്ന് പേർ പൊലീസുകാരുമാണ്.
നേരത്തെ, കശ്മീരി ടിവി നടൻ അമ്രിൻ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. അമ്രീന്റെ 10 വയസ്സുള്ള മരുമകനും ഗുരുതരമായി പരുക്കേറ്റിരുന്നു. അമ്രീൻ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെയും ഭീകരർ കൊലപ്പെടുത്തി. താഴ്‌വരയിൽ സംഘർഷം രൂക്ഷമായതോടെ, കശ്മീർ പൊലീസിനെതിരെ നാട്ടുകാർ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.
കുൽഗാമിൽ അധ്യാപികയെ കൊലപ്പെടുത്തിയ ഭീകരർ ഏത് തീവ്രവാദ സംഘടനയിൽ പെട്ടവരാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ടിവി നടി അമ്രിൻ ഭട്ടിന്റെ ഘാതകരെ 24 മണിക്കൂറിനുള്ളിൽ പൊലീസ് വെടിവച്ചുകൊന്നതായി കശ്മീർ പൊലീസ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവകാശപ്പെട്ടിരുന്നു.
Story Highlights: Woman Teacher Shot Dead By Terrorists In Jammu and Kashmir’s Kulgam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here