മീഡിയ വണ്‍ ചാനലിന്റെ വിലക്ക്; ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം

ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മീഡിയ വണ്‍ ചാനലിനെ വിലക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. രാജ്യ സുരക്ഷ കണക്കിലെടുത്താണ് ലൈസന്‍സ് പുതുക്കാത്തത്. സംപ്രേഷണവിലക്കിന്റെ കാരണം മീഡിയ വണ്‍ ചാനല്‍ മാനേജ്‌മെന്റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേദിച്ചതിന്റെ കാരണം വെളിപ്പെടുത്താനാകില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ മീഡിയ വണ്‍ മാനേജ്‌മെന്റിന് കൈമാറിയാല്‍ പ്രത്യാഘാതമുണ്ടാകും. ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്. ഇതിന്റെ കാരണങ്ങളും വിശദാംശങ്ങളും എതിര്‍കക്ഷിയെ അറിയിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതേസമയം, കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും വിവരങ്ങള്‍ സമര്‍പ്പിക്കാമെന്നും വാര്‍ത്താവിതരണവകുപ്പ് ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇതുസംബന്ധിച്ച് ഫയലുകള്‍ കോടതിക്ക് രഹസ്യമായി പരിശോധിക്കാം. എന്നാല്‍ മാനേജ്‌മെന്റിന് അത് കൈമാറാന്‍ കഴിയില്ലായെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
കേസില്‍ മറുപടി നല്‍കാന്‍ കേന്ദ്രം രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. ഒടുവില്‍ വേനലവധിക്ക് ശേഷം അന്തിമവാദം നിശ്ചയിച്ചതിനെത്തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ചാനലിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി മാര്‍ച്ച് 15ന് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു വിധി. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ദേശസുരക്ഷക്ക് വെല്ലുവിളിയാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളി സംപ്രേഷണം തല്‍ക്കാലത്തേക്ക് തുടരാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
Story Highlights: Ban on Media One channel; The center said it was based on intelligence information
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here