വിട്ടുപോയവരെ മുറുകെപ്പിടിക്കാന്‍ കോണ്‍ഗ്രസ്; ആനന്ദ് ശര്‍മയെ അനുനയിപ്പിക്കാന്‍ സജീവ നീക്കം

പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയെ അനുനയിപ്പിക്കാന്‍ സജീവനീക്കങ്ങളുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വഴി കോണ്‍ഗ്രസ് അധ്യക്ഷ ആനന്ദ് ശര്‍മയുമായി ആശയവിനിമയം നടത്തി. ശര്‍മയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം ഉന്നത സംഘടനാ പദവി വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. രാജ്യസഭാ സീറ്റ് നിഷേധിച്ചത് പ്രതികാര നടപടിയല്ലെന്ന് ബോധ്യപ്പെടുത്താനാണ് നീക്കം.
ആനന്ദ് ശര്‍മ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷനുമായി ഉള്‍പ്പെടെ കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി ആനന്ദ് ശര്‍മ തന്നെ രംഗത്തെത്തിയിരുന്നു. എങ്കിലും കോണ്‍ഗ്രസ് വിടാനുള്ള തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോകുന്നതിന്റെ യാതൊരു സൂചനയും ഇതുവരെ ആനന്ദ് ശര്‍മ നല്‍കിയിട്ടില്ല.
Read Also: കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; ബ്രിജേഷ് കലപ്പയും രാജി വച്ചു
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമുണ്ടായ ശേഷം ട്രഷറി ബഞ്ചുകളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിനെ ഏറ്റവുമധികം സഹായിച്ച മുഖങ്ങളിലൊന്നാണ് ആനന്ദ് ശര്‍മയുടേത്. മറ്റ് ചില ജി23 നേതാക്കളുമായും മുതിര്‍ന്ന ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിവരികയാണെന്നും സൂചനയുണ്ട്.
രാജ്യസഭ സീറ്റ് നെഹ്‌റു കുടുംബം വിശ്വസ്തര്‍ക്ക് വീതംവച്ചെന്ന ആരോപണമുയര്‍ത്തി നേതാക്കള്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്. മുതിര്‍ന്ന നേതാവ് ബ്രിജേഷ് കലപ്പ രാജി വച്ചതാണ് കോണ്‍ഗ്രസിനെ ഇന്ന് ഞെട്ടിച്ചിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ബ്രിജേഷ് കലപ്പയുടെ വിശദീകരണം.
ബ്രിജേഷ് ഉടന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. സുപ്രിംകോടതി അഭിഭാഷകനായ ബ്രിജേഷ് 1997ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. പാനല്‍ ഡിബേറ്റുകളിലും ചാനല്‍ ചര്‍ച്ചകളിലുമടക്കം കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു ബ്രിജേഷ്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ബ്രിജേഷ് സൂചിപ്പിക്കുന്നത്. ഏറെ വൈകാരികമായാണ് സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചത്. സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ചന്ദ്രു കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ബ്രിജേഷ് കലപ്പയുടേയും രാജി.
Story Highlights: congress active move to appease Anand Sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here