‘എസ്.പി.ബി പാട്ടിൻ്റെ കടലാഴ’ത്തിന് ദേശീയ ബഹുമതി

എഴുത്തുകാരി ഡോ. കെ.പി സുധീരയുടെ ‘എസ്.പി.ബി പാട്ടിൻ്റെ കടലാഴം’ എന്ന ഗ്രന്ഥത്തിന് ഡൽഹി സുലഭ് സാഹിത്യ അക്കാദമി പുരസ്കാരം. മേഘാലയയിൽ നടന്ന ദേശീയ സാഹിത്യ സമ്മേളനത്തിൽ, അക്കാദമി വൈസ് പ്രസിഡൻ്റ് അശോക് കുമാർ ജ്യോതി പുരസ്ക്കാരം സമ്മാനിച്ചു. 10 വർഷത്തെ സൗഹൃദത്തിലൂടെ ഗായകൻ്റെ ജീവിതം അടയാളപ്പെടുത്തുകയാണ് പുസ്തകത്തിലൂടെ സുധീര.
അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ ഓർമ്മ ദിനത്തിലാണ് കെ.പി സുധീര തൻ്റെ പുസ്തകം മലയാളിയ്ക്ക് സമർപ്പിച്ചത്. “എസ്.പി.ബി പാട്ടിൻ്റെ കടലാഴം” അദ്ദേഹത്തിൻ്റെ ജീവിതവും സൗഹൃദങ്ങളും ഓർമ്മപ്പെടുത്തുന്നു. പ്രിയ പാട്ടുകാരൻ്റെ ജീവിതം, ആഴമേറിയ സൗഹൃദങ്ങൾ, പാട്ടുകൾ, ഓർമ്മ ചിത്രങ്ങൾ ഇതാണ് “എസ്.പി.ബി പാട്ടിൻ്റെ കടലാഴം.”
മേഘാലയ സർക്കാരിൻ്റെ പ്രധാന ഉപദേശകനും എം.എൽ.എയുമായ തോമസ് എ സംഗ്മ പരിപാടി ഉൽഘാടനം ചെയ്തു. ഫിഷറീസ് ഡയറക്ടർ കൃസ്ലീൻ ടി സംഗ്മ മുഖ്യാതിഥിയായിരുന്നു. അഖില ഭാരതീയ സാഹിത്യ സമ്മേളനത്തിൻ്റെ സ്ഥാപകൻ ഡോ. ലാറി ആസാദ് സദസ്സിനെ അഭിസംബോധന ചെയ്തു. ചെയർമാൻ പ്രൊ.സ്ട്രീംലെറ്റ് ദഖർ അധ്യക്ഷയായിരുന്നു.
മൂന്ന് ദിവസം മേഘാലയയിലെ ടൂറയിൽ നടന്ന സാഹിത്യ സമ്മേളനത്തിൽ ഭാരതത്തിലെ വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരികൾ പങ്കെടുത്ത് കവിതകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു. അഖില ഭാരതീയ കവയിത്രി സമ്മേളനവും ഡൽഹി സാഹിത്യ അക്കാദമിയും, ടൂറ കാമ്പസ് ഗാരോ വിഭാഗവും ചേർന്ന് നടത്തിയ പരിപാടിയിൽ ഡോ.ഡൊക്കാച്ചി മാറാക് സ്വാഗതവും ജാമീ മേരീ മാറാക് നന്ദിയും പറഞ്ഞു.
Story Highlights: national award for kp sudheera’s book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here