കെ.കെയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബോളിവുഡ് ഗായകനും മലയാളിയുമായ, കെ.കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തിന് കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയില്‍നിന്നും മുംബൈക്ക് കൊണ്ടുപോയി. മുംബൈ വെര്‍സോവയിലെ വസതിയിലെത്തിച്ച ശേഷം പൊതുദര്‍ശനമുണ്ടാകും. നാളെ രാവിലെയാണ് സംസ്‌കാരച്ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം സംസ്‌കാരം മുംബൈ മുക്തിദാന്‍ ശ്മശാനത്തിലാണ് നടക്കുക.
ഇന്നലെ കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മരണം. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിപാടിക്കിടെ അദ്ദേഹത്തിനു ദേഹാസ്വസ്ഥ്യം ഉണ്ടായതായും അത് പരിപാടി നടത്തിപ്പുകാര്‍ അവഗണിച്ചു എന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
നിരവധി ഭാഷകളില്‍ പാടിയ രാജ്യത്തെ ഏറ്റവും പ്രമുഖ ഗായകരില്‍ ഒരാളാണ് കെ.കെ. 1990കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ ‘പാല്‍’, ‘യാരോന്‍’ തുടങ്ങിയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് കെ.കെയാണ്. 1999ലെ അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം പാല്‍ നിരൂപക പ്രശംസ നേടിയിരുന്നു. 2000കളുടെ തുടക്കം മുതല്‍, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു.
വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാന മേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഈ പ്രവാസി മലയാളി. ബോളിവുഡ് സിനിമകള്‍ക്കായി നിരവധി ജനപ്രിയ ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. കെകെയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനങ്ങള്‍ അറിയിച്ചു.
Story Highlights: Preliminary post-mortem report states that KK died of a heart attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here