പൗരത്വ ഭേദഗതിയില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്; ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയത പ്രചരിപ്പിക്കാന്‍ നീക്കം: മുഖ്യമന്ത്രി

പൗരത്വ ഭേദഗതിയില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍വേയാണ് ഇപ്പോള്‍ രാജ്യത്തെ പല ആരാധനാലയങ്ങളിലും നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ സര്‍വേയാണ് നടക്കുന്നത്. പരമദരിദ്രരെ കണ്ടെത്താനാണ് കേരളത്തില്‍ സര്‍വേ നടക്കുന്നത്. വലതുപക്ഷ ശക്തികള്‍ക്ക് ബദലാണ് കേരള സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഘട്ടത്തിലും നമ്മള് പിറകിലേക്ക് പോയില്ല, കേരളം ഒറ്റക്കെട്ടായിട്ടാണ് പ്രതിസന്ധികളെ അതിജീവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.
2016ന് മുമ്പ് വല്ലാത്തൊരു നിരാശ പൊതുസമൂഹത്തെ ബാധിച്ചിരുന്നു. 2016ന് ശേഷം ആ നിരാശ ഇല്ലാതായി. നിരാശക്ക് പകരം പ്രത്യാശ ഉണ്ടായി. സമഗ്രമായ വികസനമാണ് ലക്ഷ്യം. പലരൂപത്തില്‍ സര്‍ക്കാറിന് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നു മുന്നോട്ടുപോയി. നിശ്ചയിച്ച പദ്ധതികളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന അജണ്ടയില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളാണ് കേരളം സ്വീകരിക്കുന്നത്. വലത് പക്ഷത്തിന് കൃത്യമായ ബദല്‍ ഉണ്ടെന്ന് കേരളത്തിന് തെളിയിക്കാനായിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആഗോള ഉദാര വത്ക്കരണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന ജന വിരുദ്ധ നടപടികള്‍ അതേ പോലെ നടപ്പാക്കാനാണ് അതംഗീകരിക്കുന്ന സംസ്ഥാനങ്ങള്‍ ചെയ്യുന്നത്. എന്നാലതില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കാമെന്ന് കേരളത്തിന് കാണിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്കെതിരായ നടപടികളാണ് വലത് പക്ഷം കേന്ദീകരിച്ചതെങ്കില്‍ ജനങ്ങള്‍ ആശ്വാസം നല്കുന്ന തീരുമാനങ്ങളാണ് ഇടതുപക്ഷം സ്വീകരിച്ചത്. അതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കരുതെന്ന് കേന്ദ്രത്തോട് ആദ്യം അഭ്യര്‍ത്ഥിക്കുന്നു. പിന്നോട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നിടത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനം നടത്താന്‍ ഞങ്ങളെ ഏല്‍പ്പിക്കുവെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നു. എന്നാല്‍ അതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വരെ അതിന്റെ ഉദാഹരണമാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വരെ സ്വകാര്യ മേഖലക്ക് നല്കാന് കേന്ദ്രം ശ്രമിക്കുന്നു. കേന്ദ്രത്തിന്റേത് രണ്ട് നയമാണ്. ഒന്ന് പൊതുമേഖലാ സ്ഥാപനം തകര്‍ക്കുന്നു. രണ്ടാമത് പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിച്ച് തുടര്‍ന്ന് കൊണ്ടുപോകാന്‍ സംസ്ഥാനം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്ക്കാന് പര്യാപ്തമാക്കും. മിനിമം സബ്സിഡി അടിസ്ഥാനത്തില്‍ ആയിരിക്കും ഇതെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വയംപര്യാപ്തമാകും വരെ കെഎസ്ആര്‍ടിസിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങുമെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉണ്ട്. മുന്നോട്ടു പോകാന്‍ കേന്ദ്ര നിര്‍ദേശം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചു. ഡിപിആര്‍ റെയില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രൊകള്‍ക്ക് അനുമതി കിട്ടിയാല്‍ നടപ്പാക്കും. പുതുക്കിയ ഡിപിആര്‍ തയ്യാറാക്കാന്‍ കൊച്ചി മെട്രൊയെ ഏല്പിക്കും. ഇത് ലൈറ്റ് മെട്രൊയുടെ കാര്യത്തിലാണ്. നിലവില്‍ സില്‍വര്‍ ലൈനിന്റെ കൂടെയാണ് പോവുന്നത്.
സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ചുവടെ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here