Advertisement

സ്വതന്ത്രരേക്കാള്‍ നോട്ട ബഹുദൂരം മുന്നില്‍; നോട്ടയുടെ നാലാം സ്ഥാനം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്

June 3, 2022
1 minute Read

തെരഞ്ഞെടുപ്പ് പരാജയ കാരണമായി പി രാജീവ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത് ഇടതുവിരുദ്ധ വോട്ടുകള്‍ ഉമ തോമസിലേക്ക് ഏകീകരിച്ചു എന്നാണ്. യുഡിഎഫിലേക്ക് കേന്ദ്രീകരിച്ച വോട്ടുകള്‍ ഏതെന്ന് പരിശോധിക്കുന്നതിനൊപ്പം തങ്ങളില്‍ നിന്ന് എങ്ങോട്ടെന്നറിയാതെ ചോര്‍ന്ന വോട്ടുകള്‍ കണ്ടെത്തുന്നതിന്റെ തിരക്കില്‍ കൂടിയാണ് എല്‍ഡിഎഫ്, എന്‍ഡിഎ ക്യാംപുകള്‍.

മൂന്ന് മുന്നണികള്‍ക്ക് തൊട്ടുപിന്നില്‍ വോട്ടുകള്‍ നേടിയിരിക്കുന്നത് നോട്ടയാണ്. ഉമ തോമസ് 72767 ജോ ജോസഫ് 47752, എ എന്‍ രാധാകൃഷ്ണന്‍ 12955 എന്നിങ്ങനെ വോട്ടുനേടിയപ്പോള്‍ മേല്‍പ്പറഞ്ഞവരില്‍ ആര്‍ക്കും വോട്ട് നല്‍കാന്‍ താല്‍പര്യമില്ലാതെ നോട്ടയ്ക്ക് കുത്തിയത് 1111 പേരാണ്. മത്സരരംഗത്തുണ്ടായിരുന്ന പല സ്വതന്ത്ര സ്വാനാര്‍ത്ഥികളേക്കാള്‍ മുന്നിലാണ് നോട്ടയുടെ ഈ നില.

ഒന്നാം റൗണ്ടില്‍ തന്നെ 107 വോട്ടുകള്‍ നോട്ട ഉറപ്പിക്കുന്നുണ്ട്. പിന്നീട് 94,98,75,97,114,88,116,82,83,124,33 എന്നിങ്ങനെ ഒരു ഘട്ടത്തില്‍ പോലും നോട്ട നേടിയ വോട്ടുകള്‍ തീരെക്കുറഞ്ഞിട്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അനില്‍ നായര്‍ 100, ജോമോന്‍ ജോസഫ് 384, പി സി ദിലീപ് നായര്‍ 36, ബോസ്‌കോ കളമശേരി 136, മന്മഥന്‍ 101 വോട്ടുകള്‍ ആകെ നേടിയപ്പോഴാണ് നോട്ടയുടെ ഈ തേരോട്ടം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരിയിലാണ് നോട്ടയ്ക്ക് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. 2313 വോട്ടുകളാണ് തലശേരിയില്‍ നോട്ടയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനം കളമശേരിക്ക് തന്നെയായിരുന്നു. നോട്ടയ്ക്ക് വോട്ട് ചെയ്‌വര്‍ ആയിരത്തിന് മുകളിലുള്ള മറ്റ് മണ്ഡലങ്ങള്‍ മഞ്ചേരി(1202)സുത്താന്‍ ബത്തേരി(1160)ചിറ്റൂര്‍(1285)വള്ളിക്കുന്ന്(1150) പറവൂര്‍(1109) തൃപ്പൂണിത്തുറ(1099) ആലപ്പുഴ (1089) എന്നിവയാണ്.

തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളിലെത്തി ക്യൂ നിന്ന് നോട്ടയ്ക്ക് വോട്ടുകുത്തി പോകുന്നവരുടെ എണ്ണം ഉയരുന്നത് ചില പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളോടും രാഷ്ട്രീയ പ്രവര്‍ത്തകരോടുമുള്ള കാരണമേതുമില്ലാത്ത താല്‍പര്യക്കുറവ് മാത്രമല്ല നോട്ടയെന്ന തെരഞ്ഞെടുപ്പിന് പിന്നിലെങ്കില്‍ അത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ തന്നെ പരിമിതിയെ സൂചിപ്പിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകിച്ചും തൃക്കാക്കരക്കാര്‍ എന്തുകൊണ്ട് നോട്ടയെ കൂടുതലായി ഒരു ഓപ്ഷനായി സമീപിക്കുന്നു എന്നതിന് മുന്നണികള്‍ ഉത്തരം തേടേണ്ടതാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലവും ഓര്‍മിപ്പിക്കുന്നു.

മറ്റ് ഓപ്ഷന്‍ മുന്നിലില്ലാത്തതിനാല്‍ നിവൃത്തികേടുകൊണ്ടാണ് ജനങ്ങള്‍ യുഡിഎഫിനെ ജയിപ്പിച്ചതെന്നാണ് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞത്. ട്വന്റി ട്വന്റിയെ പിന്തുണയ്ക്കുന്നവര്‍ തങ്ങളുടെ വോട്ട് നോട്ടയ്ക്ക് നല്‍കിയോ എന്നും മുന്നണികള്‍ പരിശോധിക്കുന്നുണ്ട്.

Story Highlights: nota votes fourth place thrikkakkara election result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top