കാർ വാടകയ്ക്കെടുക്കും, പിന്നെ പണയം വെയ്ക്കും, കിട്ടിയ പണം ഉപയോഗിച്ച് റിസോർട്ടിൽ സുഖിക്കും; പ്രതികൾ പിടിയിൽ

കോയമ്പത്തൂരിലേക്ക് പോവാനാണെന്ന് പറഞ്ഞ് വാടകയ്ക്കെടുത്ത കാർ പണയപ്പെടുത്തി റിസോട്ടിൽ ആഡംബര ജീവിതം നയിച്ച മൂന്ന് യുവാക്കൾ പിടിയിൽ. പത്തനംതിട്ടയിലാണ് സംഭവം. ഇടുക്കിത്തറ തുണ്ടിയിൽ അനീഷ് കുമാർ (26), തഴക്കര കാർത്തികയിൽ സുജിത് (32), കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ കെ.ജി. ഗോപു (27)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുറമറ്റം വരിക്കാലപ്പള്ളിയിൽ വീട്ടിൽ അഖിൽ അജികുമാറിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. സ്ഥിരമായി കാർ വാടകയ്ക്കെടുത്ത് വിൽപന നടത്തുകയും പണയപ്പെടുത്തുകയും ചെയ്യുന്ന സംഘമാണ് പ്രതികൾ എന്നാണ് ലഭിക്കുന്ന വിവരം.
Read Also: ലഷ്‌കർ ഇ തൊയ്ബ റിക്രൂട്ടറുമായി ബന്ധം, കിഷ്ത്വാറിൽ നിന്ന് ഒരാൾ പിടിയിൽ
കോയമ്പത്തൂരിലേക്ക് പോവാനാണെന്ന് പറഞ്ഞ് മാർച്ച് നാലിനാണ് ഗോപു കാർ വാടകയ്ക്ക് എടുത്തത്. ഒരു മാസം കഴിഞ്ഞിട്ടും വാഹനം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് അഖിൽ പരാതി നൽകിയത്. അന്വേഷണത്തിൻറെ ഭാഗമായി ടവർ ലൊക്കേഷൻ പരിശോധിച്ചതോടെയാണ് ഗോപു എറണാകുളത്ത് ഉണ്ടെന്ന വിവരം ലഭിച്ചത്. ചെറായി ബീച്ചിലെ റിസോട്ടിൽ നിന്നാണ് ഗോപു, അനീഷ്കുമാർ എന്നിവർ പിടിയിലായത്.
സംഭവത്തിൽ വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. ചോദ്യം ചെയ്യലിൽ കാർ കൂട്ടുകാരൻ സുജിത്തിന് നൽകിയെന്ന് ഇവർ വെളിപ്പെടുത്തി. സുജിത്തിനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊല്ലം സ്വദേശിയായ ഹർഷാദ് എന്നയാൾക്ക് കാർ റെന്റിന് നൽകിയ കാര്യം അറിയുന്നത്. ഹർഷാദിൽ നിന്ന് വാങ്ങിയ പണം മൂവരും പങ്കിട്ടെടുത്തെന്നും പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: Three arrested for selling rented car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here