‘ടിപിയുടെ രമയ്ക്കൊപ്പം പി.ടിയുടെ ഉമയും നിയമസഭയിലേക്ക്’; പ്രതിപക്ഷ നിരയിലെ വനിതാ കരുത്ത്

തൃക്കാക്കര നൽകിയ കരുത്തുറ്റ വിജയവുമായി നിയമസഭയിലെ പന്ത്രണ്ടാമത്തെ വനിത എംഎൽഎയായി എത്തുകയാണ് ഉമ തോമസ്. കെ.കെ രമയ്ക്കൊപ്പം ഇനി ഉമ തോമസും പ്രതിപക്ഷ നിരയിലെ വനിതാ കരുത്താകും. സഭയിലെ യുഡിഎഫിന്റെ രണ്ടാമത്തെ വനിത എംഎൽഎയാണ് ഉമ തോമസ്.(kk rema and uma thomas will be there in opposition)
ഭർത്താക്കന്മാരുടെ വിയോഗം തീർത്ത വേദനയിൽ നിന്നു രാഷ്ട്രീയത്തിന്റെ അനിശ്ചിതത്വത്തിലേക്ക് ഇറങ്ങിയവരാണ് ഉമയും രമയും. പി.ടി തോമസിൻറെ വിയോഗത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഉമ തോമസെന്ന പേര് യുഡിഎഫ് പരിഗണിച്ചതിന് പിന്നിൽ പി.ടിയുടെ ഭാര്യ എന്നതിനപ്പുറത്ത് ഉമയുടെ രാഷ്ട്രീയ ബോധവും സംഘടനാ പാടവവും ഘടകമായിരുന്നു. പി.ടി യുടെ നിലപാടുകളെ എക്കാലവും ചേർത്തു നിർത്തിയ തൃക്കാക്കര ഉമ തോമസിനെയും നെഞ്ചിലേറ്റുകയിരുന്നു.
Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…
മഹാരാജാസ് കോളജിലെ പഠന കാലത്ത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിൽ നിന്നാണ് ഉമ രാഷ്ട്രീയം തുടങ്ങുന്നത്. അന്ന് കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി.തോമസ്. പ്രതിപക്ഷനിരയിൽ ഇനി യുഡിഎഫിൻറെ ബെഞ്ചിൽ ടി.പിയുടെ രമയ്ക്കൊപ്പം പി ടി യുടെ ഉമയും ഉണ്ടാകും.
എസ്എഫ്ഐയുടെ സജീവ പ്രവർത്തകരായിരുന്നു രമയും ടി.പി.ചന്ദ്രശേഖരനും. ഇരുവരുടെയും ബന്ധം വളരുന്നത് പാർട്ടി പ്രവർത്തനത്തിനിടയിലും. ഒടുവിൽ പാർട്ടിയുടെ ആശിർവാദത്തോടെ വിവാഹം. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന രമ, ടിപിയുമായുള്ള വിവാഹത്തിനു ശേഷം സജീവ രാഷ്ട്രീയത്തിൽനിന്നു മാറി നിന്നു.
ആർഎംപി നേതാവായിരുന്ന കെ.കെ രമ യുഡിഎഫ് പിന്തുണയോടെയാണ് സഭയിലെത്തിയത്. വിവാഹത്തോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നിരുന്ന ഉമ തിരികെയെത്തുന്നത് പി.ടി തോമസിൻറെ മരണ ശേഷമാണ്. സജീവരാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും പി.ടിയുടെ ജനക്ഷേമ പ്രവർത്തനങ്ങളിൽ നിഴൽ പോലെ ഉമയും ഉണ്ടായിരുന്നു.തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.കെ രമ എംഎൽഎയും സജീവമായിരുന്നു.
Story Highlights: kk rema and uma thomas will be there in opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here