ബൈക്ക് യാത്രികന്റെ മരണം; മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ

തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് സത്യമാണെന്നും പൊളിച്ച റോഡുകൾ നന്നാക്കാൻ കാല താമസം വരുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതര വീഴ്ച്ചകളിൽ കർശന നടപടി സ്വീകരിക്കും. ഇനി മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ദൗർഭാഗ്യകരമായ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എൻജിനീയറോട് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ റിപ്പോർട്ട് പരിശോധിച്ചതിന്റെ ഭാഗമായി പാലം വിഭാഗം എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എൻജിനീയർ, ഓവർസിയർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ കരാറുകാർക്കെതിരെ ഐപിസി 304 എ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചന ബോർഡുകൾ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്.
Read Also: തൃപ്പൂണിത്തുറയിലെ ബൈക്ക് അപകടം; നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു
മാർക്കറ്റ് റോഡിൽ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. ഇന്നലെ പുലർച്ചെയാണ് പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിൻറെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിൻറെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡിൽ അപകട സൂചനാ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Story Highlights: Death of biker; Minister Roshi Augustine in reply to Mohammed Riyaz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here