തൃപ്പൂണിത്തുറയിലെ ബൈക്ക് അപകടം; നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു

തൃപ്പൂണിത്തുറയിലെ പാലം അപകടത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവർക്കാണ് സസ്‌പെൻഷൻ. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് എതിരെ തലോടൽ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.
Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…
കൂടാതെ തൃപ്പൂണിത്തുറയിലെ പാലം അപകടത്തിൽ കരാറുകാർക്കെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചന ബോർഡുകൾ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
മാർക്കറ്റ് റോഡിൽ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. ഇന്നലെ പുലർച്ചെയാണ് പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിൻറെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിൻറെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡിൽ അപകട സൂചനാ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാലം പണി നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ അപകട സൂചനകൾ നൽകേണ്ടിയിരുന്നു. ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ച പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി നാളെ പി ഡബ്യൂ ഡി ഓഫീസ് ഉപരോധിക്കും.
Story Highlights: thripunithura bridge accident 4 pwd official suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here