വിദേശ ഹജ്ജ് തീർത്ഥാടകർ സൗദിയിലെത്തി തുടങ്ങി

ഈ വർഷത്തെ ഹജ്ജിനായി വിദേശ തീർത്ഥാടകർ സൗദിയിലെത്തി തുടങ്ങി. ഇന്തോനേഷ്യയിൽ നിന്നാണ് ആദ്യ സംഘമെത്തിയത്. മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി ഈ വർഷം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് പ്രയോജനപ്പെടും. അതേസമയം ആഭ്യന്തര ഹജ്ജിനായി 24 മണിക്കൂറിനിടെ മൂന്നു ലക്ഷത്തിലധികം ആളുകളാണ് രജിസ്റ്റർ ചെയ്തത്.
ഇന്തോനേഷ്യയിൽ നിന്നുള്ള 358 പേരടങ്ങുന്ന ആദ്യ ഹജ്ജ് സംഘത്തെ മദീന വിമാനത്താവളത്തിൽ സൗദി ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥർ പൂക്കളും, കാരക്കയും, സംസം വെള്ളവും നൽകി സ്വീകരിച്ചു. ഈ വർഷം 5 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാകിസ്ഥാൻ, മൊറോക്കോ, മലേഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സൗകര്യം.
തീർത്ഥാടകർ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ വച്ചുതന്നെ സൗദിയിലെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ് മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി. സൗദിയിൽ എത്തിയാൽ ആഭ്യന്തര തീർത്ഥാടകരെ പോലെ ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കും. ഇലക്ട്രോണിക് ഹജ്ജ് വിസ ഇഷ്യൂ ചെയ്യുന്നതും ലഗേജും സൗദിയിലെ താമസവും യാത്ര തുടങ്ങിയ സൗകര്യങ്ങളും നേരത്തെ സോർട്ട് ചെയ്യാം എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
അതേസമയം ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ദിവസം തന്നെ മൂന്നു ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഇന്നലെയാണ് ആഭ്യന്തര ഹജ്ജ് ബുക്കിംഗ് ആരംഭിച്ചത്. ജൂൺ 9 വരെ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുക്കുന്ന ഒന്നര ലക്ഷം പേർക്കാണ് ഇത്തവണ ഹജ്ജ് തീർത്ഥാടനത്തിന് അനുമതി ലഭിക്കുക.
Story Highlights: foregin hajj pilgrims begin arriving in saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here