ഇമ്രാൻ ഖാനെ വധിക്കുമെന്ന് അഭ്യൂഹം; ഇസ്ലാമാബാദ് കനത്ത ജാഗ്രതയിൽ, നിരോധനാജ്ഞ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ഇസ്ലാമാബാദ് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ഇമ്രാൻ ഖാൻ സന്ദർശിക്കുന്ന ബനി ഗാലയുടെ സമീപ പ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ കനത്ത ജാഗ്രത പാലിച്ചതായി ഇസ്ലാമാബാദ് പൊലീസ് വകുപ്പ് അറിയിച്ചു. ഇസ്ലാമാബാദിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചു.
പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ ഇമ്രാൻ ഖാൻ ഇസ്‌ലാമാബാദിലെ ജനവാസ മേഖലയായ ബാനി ഗാലയിൽ എത്തുമെന്ന് അറിയിച്ച സാഹചര്യത്തിൽ, പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും അതീവ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ച് സമ്മേളനങ്ങളൊന്നും പ്രദേശത്ത് അനുവദിക്കില്ല.
ഇമ്രാൻ ഖാന് സമ്പൂർണ സുരക്ഷ ഒരുക്കുമെന്ന് ഇസ്ലാമാബാദ് പൊലീസ് ഉറപ്പ് നൽകി. ഇമ്രാൻ ഖാന്റെ സുരക്ഷാ ടീമുകളിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
ഇമ്രാൻ ഖാൻ ഞായറാഴ്ച ഇസ്ലാമാബാദിലേക്ക് വരുമെന്ന് ഫവാദ് ചൗധരി അറിയിച്ചിരുന്നു. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടന്നതായി രാജ്യത്തെ സെക്യൂരിറ്റീസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ചൗധരി ഏപ്രിലിൽ പറഞ്ഞിരുന്നു. ഇതിനിടെ ഇസ്ലാമാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ ഉപയോഗിക്കാൻ ഖാനോട് ഉപദേശിച്ചിരുന്നു. എന്നാൽ, ദൈവം ഇച്ഛിക്കുമ്പോൾ എന്റെ മരണം സംഭവിക്കുമെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.
Read Also: ആസാദി മാർച്ചിനിടെ കലാപം; ഇമ്രാൻഖാന്റെ പേരിൽ കേസ്
അതേസമയം ഞങ്ങളുടെ നേതാവ് ഇമ്രാൻ ഖാന് എന്ത് സംഭവിച്ചാലും അത് പാകിസ്താനെതിരായ ആക്രമണമായി കണക്കാക്കുമെന്നും പ്രതികരണം പ്രവചനാതീതമായിരിക്കുമെന്നും ഇമ്രാൻ ഖാന്റെ അനന്തരവൻ ഹസൻ നിയാസി പറഞ്ഞു.
Story Highlights: Pak security agencies on high alert amid Imran Khan’s assassination plot rumours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here