Advertisement

ഇരട്ടച്ചങ്കനല്ല, യഥാർത്ഥ ലീഡർ വി.ഡി. സതീശൻ; പ്രതിപക്ഷനേതാവിനെ ലീഡറായി വിശേഷിപ്പിച്ച് പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ

June 6, 2022
2 minutes Read

പ്രതിപക്ഷനേതാവ് വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ. ഇരട്ടച്ചങ്കനല്ല, യഥാർത്ഥ ലീഡർ വി.ഡി. സതീശനാണെന്നാണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. ഇത് ആരാണ് സ്ഥാപിച്ചതെന്ന് ഫ്ലക്സ് ബോർഡിലില്ല. സംസ്ഥാന കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ചരിത്രത്തിൽ ഒരേയൊരു ലീഡറേ ഉണ്ടായിട്ടുള്ളൂ. അത് മുൻമുഖ്യമന്ത്രി കെ. കരുണാകരനാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും സതീശന് നൽകുന്ന തരത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒറ്റച്ചങ്കേയുള്ളൂ, ഒരു നിലപാടേയുള്ളൂ, നിലപാടുള്ളയാൾ വി.ഡി. സതീശൻ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളും പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രതിപക്ഷ നേതാവ് ഇന്ന് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയെത്തുകയാണ്. അദ്ദേഹത്തിന് വലിയ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകർ. തൃക്കാക്കരയിൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നു. പ്രചാരണത്തിന്റെ നേതൃത്വവും അദ്ദേഹം തന്നെയാണ് നേരിട്ട് ഏറ്റെടുത്തിരുന്നത്.

Read Also: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ്

സംസ്ഥാന കോൺ​ഗ്രസിൽ വരും ദിവസങ്ങളിൽ ഉടലെടുക്കാൻ സാധ്യതയുള്ള പുതിയ സമവാക്യങ്ങളുടെയോ ശാക്തിക ചേരിയുടെയോ തുടക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. മറ്റ് മുതിർന്ന നേതാക്കളുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സതീശന് ഡി.സി.സിയുടെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തൃക്കാക്കരയിലെ വിജയം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നാണ് അഭിപ്രായപ്പെടുന്നത്.

തൃക്കാക്കര കൈവിട്ടു പോയിരുന്നെങ്കിൽ കോൺഗ്രസിന്റെ നില പരുങ്ങലിലാവുമായിരുന്നു. ആ ഗതികേടിൽനിന്നാണ് കോൺഗ്രസ് തൽക്കാലം രക്ഷപ്പെട്ടിരിക്കുന്നത്. ഉമാ തോമസിനെ 25,015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃക്കാക്കരക്കാർ വിജയിപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് 47,752 വോട്ടാണ് ലഭിച്ചത്. അതായത്, കഴിഞ്ഞ വർഷം ലഭിച്ചതിലും 2,858 വോട്ട് മാത്രം കൂടുതൽ. എന്നാൽ ഇത്തവണത്തെ പോളിങ്ങ് ശതമാനം കഴിഞ്ഞ തവണത്തേതിലും കുറവായിരുന്നു.

Story Highlights: Huge flex boards describing VD Satheesan as a leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top