പരിസ്ഥിതിലോല മേഖല; സുപ്രിംകോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ചർച്ച ചെയ്യാൻ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉത്തരവ് മറികടക്കാനുള്ള നടപടികളെപ്പറ്റിയാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രിംകോടതി ഉത്തരവ് സംസ്ഥാനത്ത് ഒരു ലക്ഷം കുടുംബങ്ങളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തിൽ 24 സംരക്ഷിത മേഖലകളാണുള്ളത്. കോടതി ഉത്തരവനുസരിച്ച് സംരക്ഷിത മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ സ്ഥലം മാറ്റിവച്ചാൽ ആകെ രണ്ടര ലക്ഷം ഏക്കർ ഭൂമിയാകും പരിസ്ഥിതിലോല മേഖലയാവുക. ജനസാന്ദ്രതയിൽ മുന്നിലുള്ള കേരളത്തിൽ ഇത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 360 പേർ ആണെങ്കിൽ കേരളത്തിൽ അത് 860 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ നിയമപോരാട്ടം നടത്താനാണ് സർക്കാരിന്റെ തീരുമാനം.
Read Also: ഏറ്റവും അവസാനം ഇന്ത്യ; പരിസ്ഥിതി പ്രവൃത്തി സൂചികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 180-ാം സ്ഥാനം…
നിയമപരമായ ഇടപെടൽ നടത്തുന്നതിന് ഡൽഹിയിലെത്തി സ്റ്റാൻഡിങ് കൗൺസലുമായി ചർച്ച നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതിവിധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ആകെ 3,213.23 ചതുരശ്രകിലോമീറ്ററിലാണ് വന്യജീവി സങ്കേതങ്ങളും ദേശീയോദ്യോനങ്ങളും സ്ഥിതിചെയ്യുന്നത്. ഉത്തരവ് നടപ്പാക്കുന്നത് വന്യജീവി സങ്കേതങ്ങൾക്ക് സമീപത്തുള്ള ചെറുപട്ടണങ്ങളെയും പ്രതിസന്ധിയിലാക്കും. 24 സംരക്ഷിത മേഖലകളിൽ എട്ടെണ്ണം ഇടുക്കി ജില്ലയിലാണ്.
ഇടുക്കിയിലെ ഒരുലക്ഷത്തിനടുത്ത് ഏക്കർ കൃഷിഭൂമിയെ ഇത് ബാധിക്കും. ആദ്യഘട്ടത്തിൽ കാന്തല്ലൂർ, ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ, മറയൂർ, മൂന്നാർ, വട്ടവട പോലുള്ള അതിർത്തിമേഖലകളിലെ പഞ്ചായത്തുകളെയാകും ബാധിക്കുക. പത്തനംതിട്ടയിലെ സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കൊല്ലമുള, പെരുനാട്, വടശേരിക്കര, ചിറ്റാർ വില്ലേജുകളെയും ഉത്തരവ് ദോഷകരമായി ബാധിച്ചേക്കും.
Story Highlights: Ecologically sensitive area; High-level meeting today to discuss Supreme Court order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here