മകളുടെ പേര് പറഞ്ഞാൽ അദ്ദേഹം സഹിക്കില്ല; ആരോടാണ് കളിക്കുന്നതെന്ന് അറിയാമോ?… ഷാജ് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന

മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്നു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ശബ്ദരേഖ പുറത്തുവിട്ടത് ( swapna suresh audio clip ).
താൻ ആരോടാണ് കളിക്കുന്നതെന്നും താൻ അകത്തായാൽ മകനെ നഷ്ടപ്പെടുമെന്നും ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഷാജിനെ വിളിച്ചു വരുത്തി റെക്കോർഡ് ചെയ്ത ഓഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു അമ്മ എന്ന നിലയിൽ തന്റെ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും സ്വപ്ന പറഞ്ഞു.
ഷാജിനെ വളരെ നേരത്തേ അറിയാം. എം.ശിവശങ്കർ ആണ് ഷാജിനെ പരിചയപ്പെടുത്തുന്നത്. എന്നാൽ നേരിട്ടു കാണുന്നത് ശിവശങ്കർ പുസ്തകം പ്രസിദ്ധീകരിച്ചതു സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തിയതിന് ശേഷമാണെന്നും സ്വപ്ന പറഞ്ഞു.
രഹസ്യമൊഴി നൽകിയ അന്ന് ഷാജിനെ കണ്ടിരുന്നു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് സരിത്തിനെ കാണാതായപ്പോൾ ഷാജിനെ ആദ്യം വിളിച്ചത്. ‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല, എന്നായിരുന്നു ഭീഷണി’– സ്വപ്ന പറഞ്ഞു. തുടർന്നാണ് പിറ്റെ ദിവസം സരിത്തിനെ തട്ടികൊണ്ടു പോയത്. അപ്പോൾ തന്നെ ഞാൻ ഷാജിനെ വിളിച്ച് സംഭവം പറഞ്ഞു. അഞ്ചു മിനിട്ടിനുള്ളിൽ തിരിച്ചു വിളിച്ച് വിജിലൻസാണ് കസ്റ്റഡിയിലെടുത്തതെന്ന് പറഞ്ഞു. എങ്ങനെ ഈ വിവരം ഷാജ് കിരണിന് കിട്ടിയെന്നും സ്വപ്ന ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here