Advertisement

പിണറായി ഡാ എന്ന് പോസ്റ്റ് ഇടുന്നവരോട്…! സ്വപ്നയൊക്കെ വരുന്നതിന് മുൻപെയുള്ളതാണ്, കേസ് എടുത്ത തീയതി എഫ്ഐആറിൽ കാണും: അഡ്വ.വി.ആർ.അനൂപ്

June 11, 2022
3 minutes Read
adv anoop facebook post

സ്വപ്ന സുരേഷന്റെ അഭിഭാഷകനായ കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരൻ. പരാതി നൽകിയ അഭിഭാഷകനായ വി.ആർ.അനൂപ് ആണ് കേസിനെ കുറിച്ചുള്ള സോഷ്യൽമീഡിയ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ( adv anoop facebook post ).

ഒരാഴ്ച മുമ്പ് നൽകിയ പരാതിയിൽ ഇപ്പോഴാണ് സർക്കാറിന് കേസെടുക്കാൻ തോന്നിയതെന്നും, പിണറായി ഡാ എന്ന് പോസ്റ്റിടുന്നവർ ഇക്കാര്യം അറിയണമെന്നും പറഞ്ഞാണ് അനൂപിന്റെ കുറിപ്പ് തുടങ്ങുന്നത്. സ്വപ്നയൊക്കെ സീനിൽ വരുന്നതിന് മുൻപ് കൃഷ്ണരാജിനെതിരെ താൻ കൊടുത്ത കേസ് ആണിതെന്നും അനൂപ് കുറിപ്പിൽ വ്യക്തമാക്കി. കേസ് എടുത്ത തീയതിയും പരാതി കൊടുത്ത തീയതിയും എഫ്ഐആറിലുണ്ട്. ഒരാഴ്ചയിലധികം ആയി ഈ കേസിന്റെ തന്നെ പിന്നിലുണ്ട്. ഇത്ര സെൻസിറ്റീവ് ആയ വിഷയത്തിൽ ഇപ്പോഴാണ് സർക്കാരിന് കേസ് എടുക്കാൻ തോന്നിയത് കേസ് പ്രോസിക്യൂഷന് വിട്ടുകൊടുത്ത് മാറിൽക്കില്ലെന്നും, സംഘികൾക്കും സർക്കാരിനും പിന്നിൽ തന്നെയുണ്ടാകുമെന്നും അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.

അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിനാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെഎസ്ആർടിസി ഡ്രൈവറുടെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർചെയത് മതപരമായി അധിക്ഷേപിക്കുന്ന തരത്തിൽ കൃഷ്ണരാജ് കുറിപ്പ് എഴുതിയത്. ഇതിനെതിരെ അനൂപ് പരാതി നൽകുകയായിരുന്നു. ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്. ‘കെഎസ്ആർടിസി ബസിൽ കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്ന് കാബൂളിലേക്ക് സർവിസ് നടത്തുന്നു’ എന്ന വിദ്വേഷ പ്രസ്താവനക്ക് എതിരെയാണ് കേസ്. അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പ്രവാചക നിന്ദ പ്രസ്താവന നടത്തിയതിന് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും അനൂപ് പരാതി നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച്.അഷറഫിന്റെ ഫോട്ടോ ഉപയോഗിച്ചായിരുന്നു വിദ്വേഷ പ്രചരണം. കെഎസ്ആർടിസി ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നാൽ, ഫോട്ടോയുടെ ബ്രൈറ്റ്‌നെസ് കൂട്ടി, വെള്ള നിറമെന്ന് തോന്നിക്കുന്ന തരത്തിലാക്കിയായിരുന്നു പ്രചാരണം.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

ഡ്രൈവർ ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോർത്തും വിരിച്ചിരുന്നു. ഇത് കുർത്തയാണെന്ന തരത്തിലായിരുന്നു കൃഷ്ണരാജും സംഘ്പരിവാർ നേതാക്കൾ അടക്കമുള്ളവരും വ്യാഖ്യാനിച്ചത്. കെഎസ്ആർടിസി ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കുമില്ല. എന്നാൽ, അഷ്‌റഫിന്റെ ഫോട്ടോ ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ ‘താലിബാനി’ എന്നടകം ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം അഴിച്ചുവിടുകയായിരുന്നു. ഒടുവിൽ കെഎസ്ആർടിസി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രസ്താവന പുറത്തിറക്കിയിരുന്നു.

കെഎസ്ആർടിസി ബസിൽ യൂണിഫോം ധരിക്കാതെ ഡ്രൈവർ ജീവനക്കാരൻ ഡ്യൂട്ടി നിർവഹിക്കുന്നു എന്ന് തെറ്റിധാരണ പരത്തുന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച്.അഷറഫ്, എ.റ്റി. കെ 181 ആം നമ്പർ ബസിൽ മേയ് 24ന് തിരുവനന്തപുരം – മാവേലിക്കര സർവീസിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.

കെഎസ്ആർടിസി വിജിലൻസിന്റെ അന്വേഷണത്തിൽ ഡ്രൈവർ പി.എച്ച്.അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.

അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.

അനൂപിന്റെ കുറിപ്പ്

പിണറായി ഡാ എന്ന് പോസ്റ്റ് ഇടുന്നവരോട് ആണ് . സ്വപ്നയൊക്കെ സീനിൽ വരുന്നതിന് മുൻപ്, കൃഷ്ണരാജിന് എതിരെ ഞാൻ കൊടുത്ത കേസ് ആണ്. കേസ് എടുത്ത തീയതിയും പരാതി കൊടുത്ത തീയതിയും എഫ്ഐആറിൽ കാണും . ഒരാഴ്ചയിലധികം ആയി ഈ കേസിന്റെ തന്നെ പിന്നിലുണ്ട്. ഇത്ര സെൻസിറ്റീവ് ആയ വിഷയത്തിൽ ഇപ്പോഴാണ് സർക്കാറിന് കേസ് എടുക്കാൻ തോന്നിയത്.

ഇപ്പോൾ സ്വപ്ന സീനിൽ വന്നത് കൊണ്ട് തന്നെ, ഈ കേസിനെ സംബന്ധിച്ച് പുതിയ ആശങ്കകളും ഉണ്ട് . എന്തായാലും സ്വപ്നയുടെ കേസ് വെച്ച് , ഈ കേസിനെ വിലപേശി അവസാനിപ്പിക്കാമെന്ന് വിചാരിക്കണ്ടാ. പ്രോസിക്യൂഷന് കേസ് വിട്ടുകൊടുത്ത് കൈയും കെട്ടി മാറിനിൽക്കും എന്ന് വിചാരിക്കരുത്. പിന്നാലെ തന്നെയുണ്ടാകും, സംഘികളുടെ മാത്രമല്ലാ, സർക്കാറിന്റേയും.

Story Highlights: adv krishnaraj date of the case will be seen in the FIR: Adv VR Anoop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top