സി.പി.ഐ.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധം; ഇടതുപക്ഷത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് വി.ടി. ബെൽറാം

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിച്ച സി.പി.ഐ.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്ന് മുൻ എം.എൽ.എ വി.ടി. ബെൽറാം. മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ ആന്റണി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സകല രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവര്‍ത്തിയാണ് സി.പി.ഐ.എം നേതാക്കളുടെ അറിവോടെ നടന്നതെന്നും ബെൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിക്ക് എതിരായ പ്രതിപക്ഷ സമരത്തെ അക്രമം കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വഴിയില്‍ ഇറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സി.പി.ഐ.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും വെല്ലുവിളി. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു. കേരളത്തിന്റെ തെരുവിലൂടെ നടക്കാന്‍ സി.പി.ഐ.എമ്മിന്റെ അനുമതി ആവശ്യമില്ല.
Read Also: തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കൊച്ചി വിമാനത്താവളം ഓർമിപ്പിച്ച് വി.ടി. ബെൽറാം
വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. ‘പ്രതിഷേധം’ എന്ന മുദ്രാവാക്യം വിളിച്ചാല്‍ അത് എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാകുന്നത്. അതില്‍ നിയമലംഘനമുണ്ടെങ്കില്‍ കേസെടുക്കാം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച ഇ.പി ജയരാജന് എതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്ക് എതിരായ സമരം ഇനിയും ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കുറ്റകരമായ ഗൂഢാലോചനയ്ക്കും കൂടി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.
Story Highlights:Case against Youth Congress activists; VT Belram criticizes CPI (M)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here