വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കുറ്റകരമായ ഗൂഢാലോചനയ്ക്കും കൂടി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.
വിമാനത്തിൽ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കത്തത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ. യൂത്ത് കോൺഗ്രസ് നേതാക്കൾ മദ്യപിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് കെ എസ് ശബരിനാഥ് പറഞ്ഞു. എന്നാൽ പൊലീസ് ഇവരെ കൃത്യമസയത്ത് ടെസ്റ്റിനെത്തിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനക്കവിതയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റും നവീൻ കുമാർ കണ്ണൂർ ജില്ലാ സെക്രട്ടറിയുമാണ്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതിഷേധക്കാരെ തള്ളിമാറ്റിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
വിമാനത്തിൽവച്ച് പ്രവർത്തകർ മദ്യപിച്ച് ബഹളം വച്ചപ്പോഴാണ് താൻ എഴുന്നേറ്റ് ചെന്ന് അവരെ തടഞ്ഞതെന്നാണ് ഇപി ജയരാജൻ പറയുന്നത്. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചില്ല. മദ്യപിച്ച പ്രവർത്തകരെ വിമാനത്തിൽ കയറ്റിവിട്ടിരിക്കുകയായിരുന്നു. ഇതാണോ യൂത്ത് കോൺഗ്രസിന്റെ സമരരീതിയെന്നും ഇതാണോ വി ഡി സതീശന്റെ പ്രതിഷേധമാർഗമെന്നും ഇപി ജയരാജൻ ചോദിച്ചു.
Story Highlights: Case against Youth Congress activists who protested on flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here