ടി സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു; പല്ലും നഖവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ടി സിദ്ദിഖ്

കൽപ്പറ്റയിലെ യുഡിഎഫ് പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കേസ്. കണ്ടാലറിയാവുന്ന മറ്റ് 50 പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു.
സിപിഐഎം-ഡിവെെഎഫ്ഐ ഗുണ്ടകൾ കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു. കോൺഗ്രസ് ഒരിക്കലും അക്രമത്തിന് മുതിർന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറൻസി കടത്തലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സിപിഐഎം വ്യക്തമാക്കണം.
Read Also: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കെ വി തോമസിനെ വിമര്‍ശിച്ച് ടി സിദ്ദിഖ് എംഎല്‍എ
വിമാനത്തിൽ ആദ്യം ആക്രമണവും കൈയ്യാങ്കളിയും നടത്തിയത്എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ്. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായാണ് വിമാനത്തിനുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആക്രമിച്ചത്. ഇരുവർക്കും ഗുരുതരമായ പരുക്കുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മദ്യപാനികളായി ചിത്രീകരിക്കാൻ ശ്രമിച്ചു. എന്നിട്ടും കോൺഗ്രസ് സംയമനം പാലിച്ചു. അക്രമത്തിന്റെ പാത തെരഞ്ഞെടുത്തില്ല.
ആത്മരക്ഷാർത്ഥം പ്രതിരോധിക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന്. അതിൽ കോൺഗ്രസ് ലുബ്ധത കാട്ടില്ല. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സിപിഐഎം നിഷേധിക്കുകയാണ്. കെപിസിസി ആസ്ഥാനമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. അതിന് നേരേയാണ് സിപിഐഎം അക്രമം അഴിച്ച് വിട്ടത്. കലാപത്തിലേക്ക് നാടിനെ തള്ളവിടുകയാണ് സിപിഐഎം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ലെങ്കിൽ എൽഡിഎഫ് കൺവീനറിന്റെ മനോനിലയ്ക്ക് സാരമായ പ്രശ്നമുണ്ടെന്നും സുധാകരൻ പറഞ്ഞു.
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Story Highlights: UDF protest in Kalpatta; Police file case against T Siddique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here